ഗുരുവായൂര്‍ കാഴ്ച ശീവേലി: ഇന്നുമുതല്‍ ഒരാന മാത്രം

0

തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ കാഴ്ച ശീവേലിയ്ക്ക് ഒരാന മാത്രം. ഹൈക്കോടതി വിധി പാലിച്ച് കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷം നടന്നത് മൂന്ന് ആനകള്‍ അണിനിരന്നുള്ള അവസാന കാഴ്ചശീവേലിയെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി നിന്മിനി മന വക ആയിരുന്നു ഇന്നലത്തെ വിളക്ക്. അപൂര്‍വ്വമായി മാത്രം കോലം ഏറ്റാറുള്ള പീതാംബരന്‍ ആന കോലം ഏറ്റി. വലതു വശത്ത് വിനായകന്‍, ഇടത്ത് ഗോപീകൃഷ്ണന്‍ എന്നി ആനകള്‍ അണിനിരന്നു. ഇന്നുമുതല്‍ (ഞായറാഴ്ച) ഒരു ആന മാത്രമുള്ള കാഴ്ച ശീവേലി ആയിരിക്കും ഉണ്ടാവുക. ഇത്തരത്തില്‍ ആദ്യത്തെ ഏകാദശി വിളക്ക് നടത്തി അഷ്ടമി വിളക്കിന് പുളിക്കീഴേ വാര്യത്ത് കുടുംബം ചരിത്രത്തിന്റെ ഭാഗമാകുകയാണെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇന്ന് മുതല്‍ സ്വര്‍ണ്ണക്കോലം ആണ് എഴുന്നള്ളിക്കുക.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകള്‍, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവന്‍ അനുസ്മരണം എന്നിവ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ആള്‍ക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില്‍ കോടതി നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തിലാണ് തീരുമാനിച്ചത്.

ദശമി ദിനത്തില്‍ നടക്കുന്ന ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് തിരുവെങ്കിടത്തു നിന്നും നിശ്ചിത അകലം പാലിച്ച് 5 ആനകളെ മാത്രം പങ്കെടുപ്പിക്കും. ഏകാദശി ദിവസത്തെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് പുറപ്പെട്ട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *