തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ ഈമാസം 31-ന്

0

അബുദാബി : തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ ഈമാസം 31-ന് പ്രാബല്യത്തിലാകും. തൊഴിൽ കേസുകളിൽ തീരുമാനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി നടപ്പാക്കുന്നത്.ഭേദഗതിപ്രകാരം തൊഴിലാളിക്കും തൊഴിലുടമയ്ക്കും തൊഴിൽപ്രശ്നങ്ങളിൽ അവരവരുടെ അവകാശങ്ങളിൽ നിയമഭേദഗതിക്കായി അധികൃതരെ സമീപിക്കേണ്ട സമയപരിധി രണ്ടുവർഷമാക്കി. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസംമുതലാണ് ഈദിവസം കണക്കാക്കുന്നത്. നേരത്തേ ഇത് ഒരുവർഷമായിരുന്നു.2024 ജനുവരി ഒന്നുമുതൽ 50,000 ദിർഹത്തിന് താഴെവരുന്ന കേസുകൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പരിഗണിക്കുന്നത്. ഇത് തീർപ്പാക്കാനുള്ള അധികാരവും മന്ത്രാലയത്തിനാണ്. ഇതിനുമുൻപ് അപ്പീൽ കോടതികളിലായിരുന്നു കേസുകൾ എത്തിയിരുന്നത്.ഓഗസ്റ്റ് 31 മുതൽ 15 ദിവസത്തിനകം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിൽ അപ്പീൽ നൽകാം. മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഇതിൽ ഹിയറിങ് നടക്കും.

അടുത്ത 30 ദിവസത്തിനകം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തീർപ്പുണ്ടാക്കും. ഇത് അന്തിമമായിരിക്കും.നിലവിൽ അപ്പീൽ കോടതികളിലുള്ള കേസുകൾ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിലേക്കു മാറ്റും.തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതിന് കനത്തപിഴയീടാക്കും. തൊഴിൽ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, അനധികൃത ആവശ്യങ്ങൾക്ക് വർക്ക് പെർമിറ്റുകൾ ഉപയോഗിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ നടപ്പാക്കാതെ സ്ഥാപനങ്ങൾ പൂട്ടുക, തൊഴിലിൽ കൃത്രിമംകാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 ദിർഹംമുതൽ 2,00,000 ദിർഹംവരെയായിരുന്നു ആദ്യം പിഴയീടാക്കിയിരുന്നത്.എന്നാൽ, പുതുക്കിയ തൊഴിൽനിയമപ്രകാരം ഒരുലക്ഷം ദിർഹംമുതൽ പത്തുലക്ഷം ദിർഹംവരെയാണ് പിഴ. നിയമലംഘനം കണ്ടെത്തുന്നതിനുവേണ്ടി ശക്തമായ പരിശോധനനടത്താൻ തീരുമാനിച്ചിട്ടുണ്ട്. സന്ദർശകവിസയിലെത്തി ജോലിചെയ്യുന്നതും യു.എ.ഇ.യിൽ നിയമവിരുദ്ധമാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *