“വരും തലമുറയെ നേർവഴിക്ക് നടത്തുക : വർത്തമാനകാലത്ത് സ്ത്രീകൾ ഏറ്റെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വ൦”

ജയശ്രീ സുരേഷ് /ഡോംബിവ്‌ലി
1975 മുതൽ ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടാം തീയതി ആഘോഷിക്കുന്നു. ‘സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ‘ എന്നതായിരുന്നു ആദ്യ വനിതാദിന സന്ദേശം. ഇന്ന് ഏതാണ്ട് 50 കൊല്ലം പിന്നിട്ട് ‘അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും’ എന്ന സന്ദേശത്തിൽ എത്തിനിൽക്കുന്നു. ലിംഗ സമത്വം, വികസനം, സമാധാനം എന്നിവ ഓരോ വനിത ദിനത്തിൻ്റെയും ലക്ഷ്യമായിരുന്നു.
സ്ത്രീയുടെ ശക്തിയും കരുത്തും ലോകത്തെ തന്നെ മാറ്റിമറിക്കാൻ തക്കതാണ്. ഇന്ന് എല്ലാ മേഖലകളിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. വളരെ ഉയർന്ന ഉദ്യോഗം മുതൽ ഇങ്ങ് താഴേക്കിടയുള്ള മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സജീവമായ പങ്കാളിത്തമുണ്ട്. അമ്മയായി മാത്രമല്ല സഹോദരിയായും, ഭാര്യയായും, ഗുരുവായും, സുഹൃത്തായും, നേതാവായും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവൾ തിളങ്ങുന്നു. സ്വന്തം പരിശ്രമത്തിലൂടെ നേട്ടം കൈവരിക്കുന്ന സ്ത്രീകളാവട്ടെ നമുക്ക് മാതൃക. ഓരോ സ്ത്രീയും അവളുടെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നേറട്ടെ. എന്തു നേടി എന്നതിലല്ല എന്തും നേടാൻ പരിശ്രമിക്കുന്ന സ്ത്രീയാണ് ശക്തയായ, കരുത്തറ്റ സ്ത്രീ. എല്ലാ സ്ത്രീകളും ശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറുമ്പോൾ സ്ത്രീശാക്തീകരണം അനായാസേന സംഭവിക്കും.
കഴിഞ്ഞ അൻപത് വർഷങ്ങളിലായി സ്ത്രീകൾ പല മേഖലകളിലും മുന്നേറുകയും തിളങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും മുന്നോട്ടുള്ള യാത്രയുടെ വേഗത അത്ര പോരാ എന്നാണ് തോന്നുന്നത്. സമകാലിക സംഭവ പരമ്പരകളിൽ നിന്നും നമുക്ക് മനസ്സിലാക്കാനാവുക യുവതലമുറ മാത്രമല്ല ബാല്യ കൗമാരങ്ങളും ലഹരിക്കും സാമൂഹിക മാധ്യമങ്ങൾക്കും അടിപ്പെട്ട് കുറ്റകൃത്യങ്ങൾ വരെ ചെയ്യാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ്. ഇവരെ നേർവഴിക്ക് നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഒരുപക്ഷേ ഒരു സ്ത്രീ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുന്നേറ്റത്തിന്റെയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും നാളെകളാവട്ടെ വരും ദിനങ്ങളെന്ന് പ്രത്യാശിക്കാം. ഏവർക്കും നല്ലൊരു വനിതാദിനം ആശംസിക്കുന്നു.
(ജയശ്രീ സുരേഷ്: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ ഇടനാട് ഗ്രാമത്തിൽ താമരമംഗലത്ത് ഇല്ലത്ത് പരേതനായ റ്റി.പി നാരായണൻ നമ്പൂതിരിയും അമ്മിണി അന്തർജ്ജനത്തിന്റെയും മകളായി ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1994-ൽ മുംബൈയിൽ പ്രവാസജീവിതം ആരംഭിച്ചു. അദ്ധ്യാപന പരിശീലന കോഴ്സ് പാസായി ഇപ്പോൾ ഡോംബിവിലി മോഡൽ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ഡോംബിവിലിയിലെ കൂട്ടായ്മകളുടെ പല സാഹിത്യ മത്സരങ്ങളിൽ കഥയ്ക്കും കവിതയ്ക്കും ലേഖനങ്ങൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ‘മണ്ണിലേക്കിറങ്ങിയ തായ് വേരുകൾ’ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
ഭർത്താവ് : കെ. എൻ സുരേഷ്,മകൻ: അക്ഷയ് സുരേഷ് )