ചോദ്യപേപ്പർ ചോർച്ച: ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ പി. അജീഷിനെ സസ്പെൻഡ് ചെയ്തു

കാസർഗോഡ് : പാലക്കുന്ന് കോളജിലെ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ പി. അജീഷിനെ സസ്പെൻഡ് ചെയ്തു. ബേക്കൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജ്മെന്റ്അറിയിച്ചു.ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവ്വകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വിദ്യാർഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തുന്നത്.പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ- മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്വേഡ് സഹിതം അയക്കുന്ന പേപ്പർ പ്രിൻസിപ്പലിന് മാത്രമാണ് തുറക്കാൻ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. കണ്ണൂർ സർവ്വകലാശാല പരാതി നൽകിയതോടെ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. പ്രിൻസിപ്പൽ പി. അജീഷിനെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് കേസെടുത്തതോടെ ആണ് കോളജ് മാനേജ്മെന്റിന്റെ നടപടി. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട പരീക്ഷ പേപ്പർ ചോർത്തിയത് തെറ്റെന്നും, ഇത് ക്രിമിനൽ നടപടി ആണെന്നും ഗ്രീൻവുഡ് കോളജ് മാനേജ്മെന്റ് വ്യക്തമാക്കുന്നുണ്ട്