ഗവൺമെന്‍റ് കരാറുകാര്‍ സമരത്തിലേക്ക്: മാർച്ച് 4ന് സൂചനാ പണിമുടക്ക്

0

കോട്ടയം: നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ.കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 4ന് പണികള്‍ നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 4ന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്കി പ്രതിഷേധ സമരവും സംഘടിപ്പിക്കും.

നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ഇടപെടലുമില്ല. ധനകാര്യ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്ക് പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ പലകാര്യങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായെങ്കിലും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതിനും തടസം നില്‍ക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിക്കുക, ബില്‍ ഡിസ്‌കൗണ്ടിന്‍റെ പലിശ സര്‍ക്കാര്‍ വഹിക്കുക, ഗവ. കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കുക, പൂര്‍ത്തിയാക്കിയ ബില്ലുകള്‍ക്ക് പണം യഥാസമയം നല്‍കണം എന്നീ ആവശ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. ഗവ.കരാറുകാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി കരാർ വയ്ക്കുമ്പോള്‍ ഏറ്റെടുക്കുന്ന വര്‍ക്കിന്റെ 0.1 ശതമാനം തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എഗ്രിമെന്റ് വച്ച തുകയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയാണെങ്കില്‍ പോലും അങ്ങനെ മാറ്റം വരുത്തുന്ന തുകയുടെ 0.1 ശതമാനത്തിന് വീണ്ടും കരാറുകാരന്‍ മുദ്രപത്രം വാങ്ങുന്നത് ഒഴിവാക്കണം. പിഡബ്ല്യുഡി ലൈസന്‍സ് പുതുക്കുന്നതിന് ലൈസന്‍സ് ഫീസും, സെക്യൂരിറ്റിയും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. ലൈസന്‍സ് പുതുക്കുന്നതിന് 3000 രൂപ എന്നത് 9000 രൂപയും, 2 ലക്ഷം രൂപ ഡെപ്പോസിറ്റ് ആയിരുന്നത് ഇപ്പോൾ 6 ലക്ഷം രൂപയുമായി. എന്നിട്ടും 2018ലെ ഡിഎസ്ആര്‍ നിരക്കില്‍ നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോഴും ടെണ്ടര്‍ ചെയ്യുന്നത്.

2022ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സില്‍ പുതിയ വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്യണം. ടെണ്ടര്‍ നടന്ന് എഗ്രിമെന്റ് വച്ചതിനു ശേഷം വരുന്ന വിലവര്‍ധന തടയാന്‍ എഗ്രിമെന്റില്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പലതവണ മന്ത്രിമാര്‍ക്കും, ചീഫ് എഞ്ചിനീയര്‍മാര്‍ക്കും നിവേദനമായി നല്‍കിയിട്ടും ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടും നാളിതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *