സർക്കാർ ഓഫീസുകളിലെ പണമിടപാടുകള്‍ യു.പി.ഐ വഴി അടയ്ക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളിൽ തന്നെ ഗൂഗിൽപേ, ഫോൺപേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആർ കോഡ് സ്കാൻ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും പോകാതെ ജനങ്ങൾക്ക് പണമടയ്ക്കാനാവും.
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന സർക്കാർസ്ഥാപനങ്ങളിൽ നിർബന്ധമായും പി.ഒ.എസ്. യന്ത്രങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പി.ഒ.എസ്. യന്ത്രങ്ങൾവഴി തുകകൾ സ്വീകരിക്കാൻ ബാങ്കുകൾക്ക് പണം നൽകേണ്ടതിനാലാണിത്.
സർക്കാർ ഓഫീസുകളിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് 2018 ഡിസംബറിൽത്തന്നെ അനുമതി നൽകിയിരുന്നു. എന്നാലിത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഇങ്ങനെ പണം സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ടുകൾവേണം. വൈകാതെ നടപ്പായിത്തുടങ്ങുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾക്കുള്ള പണം ഇനി യു.പി.ഐ. പേയ്മെന്റിലൂടെയും അടയ്ക്കാം. ഇതിനായി വഴിപാട് കൗണ്ടറുകളിൽ ക്യു.ആർ. കോഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. ആദ്യഘട്ടമായി തിരുവല്ലം ക്ഷേത്രത്തിലും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്