സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യവും കിട്ടിതുടങ്ങും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും.ജീവനക്കാരോടും പെന്‍ഷന്‍കാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഈവര്‍ഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആര്‍ ആണ് ഇപ്പോള്‍ അനുവദിച്ചത്. കഴിഞ്ഞവര്‍ഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്. ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ പണമായും നല്‍കിയിരുന്നു.