സർക്കാർ ഇരയ്ക്കൊപ്പം, വേട്ടക്കാരനൊപ്പമല്ല; ഇടതുപക്ഷ രാഷ്ട്രീയവും മനസും സ്ത്രീക്കൊപ്പം – സജി ചെറിയാൻ

0

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ചുവെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. രാജിക്കത്ത് ലഭിച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ കത്ത് നല്‍കാമെന്ന് രഞ്ജിത്ത് അറിയിച്ചെന്നും സജി ചെറിയാന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം താന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചു. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് താന്‍. സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്’, സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *