ഓണത്തിന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാൻ സംസ്ഥാന സർക്കാർ
ആലപ്പുഴ: കേരളത്തിന്റെ സ്വന്തം ഉൽപന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിനു കീഴിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉൽപന്നങ്ങളാണു കെ ഷോപ്പി എന്ന വെബ്സൈറ്റ് വഴി വിൽക്കുക. ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി ഈ മാസം തന്നെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം പ്രവർത്തനസജ്ജമാക്കാനാണു ശ്രമം. വെബ്സൈറ്റിന്റെ ട്രയൽ റൺ നടക്കുകയാണ്.പ്രമുഖ ഓൺലൈൻ വിൽപന വെബ്സൈറ്റുകൾക്കു സമാനമായാണു കെ ഷോപ്പിയും പ്രവർത്തിക്കുന്നത്. ഓൺലൈനായി പണമടച്ചു സാധനങ്ങൾ വാങ്ങാം. ഈ പണം നേരിട്ട് അതതു പൊതുമേഖലാ സ്ഥാപനങ്ങൾക്കു ലഭിക്കും. തപാൽ വകുപ്പ് വഴിയാണ് ഉൽപന്നങ്ങൾ ഉപയോക്താവിലേക്ക് എത്തിക്കുന്നത്. കെൽട്രോണിനാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെയുള്ള ചുമതല.
ഇ കൊമേഴ്സ് സാധ്യതകൾ കൂടി ഉപയോഗിച്ചു വിൽപന കൂട്ടി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കു വരുമാന വർധനയാണു കെ ഷോപ്പിയിലൂടെ ലക്ഷ്യമിടുന്നത്.ലഭ്യമാകുന്ന ഉൽപന്നങ്ങൾക്യാപെക്സ് കാഷ്യൂസ്, കയർക്രാഫ്റ്റ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, ഹാൻടെക്സ്, കാഡ്കോ, ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ കേരള, കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെന്റ് കോർപറേഷൻ, കേരള സോപ്സ്, കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് (കെസിസിപിഎൽ), ഹാൻവീവ്, കെൽട്രോൺ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, കൊക്കോണിക്സ്, കേരള ഇലക്ട്രിക്കൽ ആൻഡ് അപ്ലൈഡ് എൻജിനീയറിങ് കോർപറേഷൻ തുടങ്ങിയവയുടെ ഉൽപന്നങ്ങളാണ് കെ ഷോപ്പിയിൽ ലഭ്യമാക്കുക.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും വെബ്സൈറ്റ് വഴി വിൽക്കാനായി ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ഒരുക്കുന്നുണ്ട്