ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ
തിരുവനന്തപുരം :നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും .ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും നാട്ടുകാർ പറയുന്നു.
കുറെ കാലമായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ച് പൂജാകര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരണപ്പെട്ട ഗോപന്‍ സ്വാമി. ആറാലുമൂടിൽ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു ഗോപന്‍. വർഷങ്ങളോളം തൊഴിലാളി യൂണിയനിൽ പ്രവർത്തിച്ചിട്ടുമുണ്ട്
മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും ഭാര്യയോടും മക്കളോടും താൻ മരിച്ചതിനുശേഷം സമാധി ആക്കണം’ എന്ന് ഗോപൻ സ്വാമി അറിയിച്ചിരുന്നു.സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും അദ്ദേഹം ചെയ്തിരുന്നു.
താന്‍ മരിച്ചതിനുശേഷം സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി പറഞ്ഞതായി മക്കൾ പറയുന്നു.
‘ഗോപൻ സ്വാമി സമാധിയായി ‘ എന്ന പോസ്റ്റർ കഴിഞ്ഞ ദിവസം വീടിനു സമീപം പതിപ്പിച്ചപ്പോഴാണ് ഈ വിവരം നാട്ടുകാർ അറിയുന്നത് .തുടർന്നാണ് സമാധി അയതായിരിക്കില്ല മക്കൾ കൊലപ്പെടുത്തിയ ശേഷം കൊണ്ടുപോയി സമാധിയാക്കിയതാണ് എന്ന ആരോപണവുമായി അയൽവാസികളും നാട്ടുകാരും വരുന്നത്.
എന്നാൽ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞുവെന്നും ഞങ്ങൾ ആ ആഗ്രഹം നിറവേറ്റിയെന്നുമാണ് മകൻ രാജസേനന്‍ പറയുന്നത്. അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം തന്നെ അനുഗ്രഹിച്ചുവെന്നും പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തതെന്നും മകൻ പറയുന്നു.
അച്ഛൻ സമാധിയാകുന്ന സമയം സഹോദരൻ ജോലി സ്ഥലത്തായിരുന്നുവെന്നും വിളിച്ച് പറഞ്ഞ് പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയതെന്നും ഇയാൾ പറയുന്നു. പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്. ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്. സമാധി ചെയ്യുന്നത് ആരും കാണാൻ പാടില്ലെന്നും ‘ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ’ എന്ന വിശ്വാസമാണ് അച്ഛന് ഉണ്ടായിരുന്നുവെന്നും. അതുകൊണ്ട് ആണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ ‘സമാധി’ ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
സമാധി പൊളിച്ച് മൃതശരീറാം പുറത്തെടുത്ത് മരണം ശാസ്ത്രീയമായി തെളിയിക്കാനുള്ള
ഒരുക്കത്തിലാണ് പോലീസ് .