‘ദിശ @50’: സുവർണ്ണ ജൂബിലി ശോഭയിൽ ബോംബെ യോഗക്ഷേമ സഭ : വാർഷിക സംഗമം നടന്നു
നവിമുംബൈ : അമ്പതാണ്ടിലെത്തിനിൽക്കുന്ന മുംബൈയിലെ കലാ സാംസ്കാരിക സാമൂഹ്യ- സാമുദായിക ക്ഷേമ സംഘടനയായ ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം നവിമുംബൈ – വാശി യിലെ ശ്രീ ബാലാജി ഹാളിൽ നടന്നു.
അഷ്ടപദി ആലപിച്ചുകൊണ്ടാരംഭിച്ച ചടങ്ങിൽ സഭയുടെ മുതിർന്ന പ്രവർത്തകർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി, സൂരജ് ഞാളൂർ സ്വാഗതമാശംസിച്ചു.
തുടർന്നു നടന്ന ‘കേളീനളിനം’ ബാലെയിൽ മുംബെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി യോഗക്ഷേമ സഭയുടെ അംഗങ്ങളായ 50 ൽ അധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ബാലെയുടെ രചയിതാവായ പരേതനായ കാളാട്ടു പാവേരി ശങ്കരനാരായണനെ ഗീത കപ്പിയൂർ അനുസ്മരിച്ചു. ദേവലോക നർത്തകിമാരായ ഉർവ്വശി, മേനക, രംഭ, തിലോത്തമമാരുടെ കേരളത്തിലേയ്ക്കുള്ള സന്ദർശനവും അവരെ സ്വാഗതം ചെയ്യുന്ന കേരളാംഗനമാരും പശ്ചാത്തലത്തിൽ വന്നുപോകുന്ന വിവിധ നൃത്തരൂപങ്ങളും കേരളത്തിൻ്റെ കലാ-സാംസ്കാരിക വൈവിധ്യത്തെ വിളിച്ചോതുന്നതായിരുന്നു .തുടർന്ന് അരങ്ങേറിയ കുട്ടികളുടേതും മുതിർന്നവരുടേതുമായ വിവിധ കലാപ്രകടങ്ങൾ അരങ്ങേറി .കൃഷ്‌ണപ്രിയ (താനെ )
മോഹനൻ ആലയ്ക്കാട്, മുരളി കപ്ലിങ്ങാട്, സതീശൻ പന്താവൂർ ,കൃഷ്‌ണപ്രിയ (താനെ )എന്നിവരുടെ നേതൃത്വത്തിൽ സഭയുടെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ രുചിക്കൂട്ടുകളുടെ കലവറയായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് രാധാകൃഷ്ണൻ മുണ്ടയൂർ (രാജീവ്) അദ്ധ്യക്ഷത വഹിച്ചു.ഫെബ്രുവരി 23 ന് ഞായറാഴ്ച ഡോംബിവില്ലിൽ വച്ച് നടത്തപ്പെടുന്ന കഥകളിയെക്കുറിച്ച് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചു. തുടർന്ന്, സ്വാഗത സംഘം ജനറൽ കൺവീനർ വിജു മരുത്തശ്ശേരിൽ സംസാരിച്ചു. പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന കേരളത്തിൽ നിന്നുൾപ്പെടെയുള്ള മുൻകാല ഭാരവാഹികളെ വേദിയിൽ ആദരിച്ചു. മുരളി കപ്ലിങ്ങാട്, സൂരജ് അക്കരച്ചിറ്റൂർ, സാജൻ മാത്തൂർ, സ്മിത അരയന്നമംഗലം, ഗിരിജ താമരശ്ശേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിന്ദു പഴയം നന്ദി പറഞ്ഞു.
വാർഷിക സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വേദിയിൽ വച്ച് വിതരണം ചെയ്‌തു. വാർഷിക സംഗമത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് സഭയുടെ സ്നേഹോപഹാരവും സഭയുടെ പ്രസിദ്ധീകരണമായ ‘പ്രവാസ’ത്തിൻ്റെ പുതിയ ലക്കവും വിതരണം ചെയ്തു.
തിരുവാതിരയാഘോഷത്തിൻ്റെ ഭാഗമായ ഹ്രസ്വമായ ചടങ്ങുകളോടെ സംഗമം സമാപിച്ചു.
(റിപ്പോർട്ട് :സൂരജ് ഞാളൂർ )