ആനപ്പന്തി സഹകരണ ബാങ്കിൽ അര കോടിയിലിധികം രൂപയുടെ സ്വർണം കാണാനില്ല: കാഷ്യർ ഒളിവിൽ

0
1200 675 24098979 thumbnail 16x9 etvb aspera

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൻ്റെ കച്ചേരി കടവ് ശാഖയിൽ നിന്നു 60 ലക്ഷത്തോളം രൂപയുടെ സ്വർണം കാണാതായി. ബാങ്കിൽ പണയം വച്ച സ്വർണാഭരണങ്ങളുമായി കാഷ്യർ മുങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ തെളിയുന്നത് വൻ തട്ടിപ്പിൻ്റെ സൂചന.
കഴിഞ്ഞ മാസം 30നാണ് (ഏപ്രിൽ) പരാതിക്കിടയായ തട്ടിപ്പിൻ്റെ വിശദാംശങ്ങൾ പുറം ലോകം അറിയുന്നത്. ബാങ്കിൽ പണയം വച്ച സ്വർണാഭരണം തിരികെയെടുത്ത് വീട്ടിലെത്തിയ പ്രവാസിയായ ഇടപാടുകാരൻ സംശയം തോന്നി സ്വർണാഭരണം പരിശോധിച്ചപ്പോഴാണ് തൻ്റെ പഴയ സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് കബളിപ്പിക്കപെട്ടതായി മനസിലായത്. ഇതേ തുടർന്ന് അദ്ദേഹം ബാങ്കിലെത്തി പരാതി നൽകുകയായിരുന്നു. ഇടപാടുകാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് സെക്രട്ടറി അനീഷ് കുര്യാൻ ശാഖയിലെത്തി പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അരക്കോടിയിലധികം രൂപയുടെ സ്വർണത്തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.സംഭവം വിവാദമായതോടെ ബാങ്കിലെ കാഷ്യറിനെ കാണാതെയായി. കാഷ്യറിനെ കാണാനില്ലെന്നും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും കാണിച്ച് ബാങ്ക് സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ കുട്ടികൃഷ്ണൻ, അഡിഷണൽ എസ്.ഐ. അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.കാഷ്യർ സുധീർ തോമസ് ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സുധീറിനെ കൂടാതെ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്കിലെ മറ്റ് ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന് സമീപത്തെ അക്ഷയ കേന്ദ്രം നടത്തിപ്പുകാരനോട് ഇന്ന് (തിങ്കളാഴ്ച) ചോദ്യം ചെയ്യലിനായി ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിവിലുള്ള കാഷ്യർ സുധീർ തോമസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കിൽ നടന്ന ഈ വൻ തട്ടിപ്പ് നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *