മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
കൂത്തുപറമ്പ്(കണ്ണൂര്‍): മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. പുല്‍പ്പള്ളി കല്ലേരിക്കരയിലെ സുജിത്തിനെ(29)യാണ് മുത്തങ്ങയില്‍ കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ കെ.വി.ഹരിക്കുട്ടനും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വര്‍ണം വാങ്ങി വില്‍പ്പന നടത്തുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ് മിശ്ര, അമല്‍ സാഗര്‍ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ജൂലായ് 27-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്വര്‍ണം വിറ്റ പണവുമായി മുംബൈയില്‍നിന്ന് കാറില്‍ വരികയായിരുന്ന ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം വളവുപാറ-തലശ്ശേരി റോഡില്‍ നിര്‍മലഗിരി വളവിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.
അക്രമിസംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി പണം കവര്‍ന്നശേഷം വ്യാപാരികളെ വഴിയില്‍ ഇറക്കിവിട്ടു. 50 ലക്ഷം രൂപ കവര്‍ന്നെന്നാണ് വ്യാപാരികള്‍ പരാതിപ്പെട്ടത്. എന്നാല്‍ 3.75 കോടി രൂപ നഷ്ടമായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായ സുജിത്ത് നിരവധി കേസുകളില്‍ പ്രതിയാണ്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.