ഇന്ത്യ–ചൈന അതിർത്തിയിൽ സ്വർണക്കടത്ത്; ഐടിബിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ട
ലഡാക്ക്∙ ചൈനയിൽ നിന്നു വൻതോതിൽ സ്വർണം കടത്തിയതിനു ലഡാക്കിലെ ലേ ജില്ലയിലെ ന്യോമ സെക്ടറിൽ രണ്ടു പേർ പിടിയിൽ. ഇവരിൽനിന്നും 108 കിലോ സ്വർണം പിടികൂടിയതായി ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ് (ഐടിബിപി) അറിയിച്ചു. 108.060 കിലോഗ്രാം ഭാരം വരുന്ന 108 കട്ടകളായാണു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ സെറിംഗ് ചിൻബ, സ്റ്റാൻസിൻ ഡോർഗ്യാൽ എന്നീ ലഡാക് സ്വദേശികളെ പൊലീസ് അറസ്റ്റു ചെയ്തു. നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ ലോങ് റേഞ്ച് പട്രോളിങ് ആരംഭിച്ചതായും ഐടിബിപി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കിഴക്കൻ ലഡാക്കിൽ ചൊവ്വാഴ്ച നടത്തിയ പട്രോളിങ്ങിലാണു രാജ്യാന്തര അതിർത്തിക്ക് ഒരു കിലോമീറ്റർ അകലെനിന്നു സ്വർണം പിടികൂടിയത്. ഐടിബിപിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.