സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നു: തിരികെ കിട്ടാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നുയര്‍ന്ന് നഷ്ടമായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകളുടെ സ്വര്‍ണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വെയര്‍ ഇന്‍ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉണ്ണികൃഷ്ണന്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്‍. ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ മകള്‍ക്ക് കളിക്കാനായി ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങി നല്‍കി. ബലൂണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കുട്ടിയുടെ സ്വര്‍ണ്ണ വളയിലായിരുന്നു ബലൂണിന്റെ ചരട് കെട്ടിയിരുന്നത്. അബദ്ധത്തില്‍ കുട്ടി വള ഊരുകയും പ്ലെയിനിന്റെ ആകൃതിയിലുള്ള ബലൂണ്‍ പറന്ന് പോവുകയുമായിരുന്നു. ആര്‍ക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വള കിട്ടിയാല്‍ തിരികെ നല്‍കുമെന്ന് പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.