സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി : കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 3500 രൂപയിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ രാജ്യത്ത് ഇനിയും സ്വര്‍ണവില കുറയേണ്ടതാണ് എന്ന അഭിപ്രായവും ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ ആഗോള വപണിയില്‍ നേരിയ തോതില്‍ വില കയറുന്നുണ്ട്. എന്നാല്‍ പൊതുവെ വില കുറയാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത. എന്നാല്‍ സമീപ ഭാവിയില്‍ സ്വര്‍ണവില വലിയ മുന്നേറ്റം നടത്തുമെന്ന് ചില അന്താരാഷ്ട്ര വിപണി ഏജന്‍സികള്‍ അനുമാനിക്കുന്നുണ്ട്. അറിയാം പുതിയ സ്വര്‍ണവില സംബന്ധിച്ച്…
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 50600 രൂപയാണ്. കഴിഞ്ഞ ദിവസം 50400 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5235 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയില്‍ മാറ്റമില്ല എന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്. എന്നാല്‍ 12 മണിയോടെ പവന് 800 രൂപ കുറയ്ക്കുകയായിരുന്നു. സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ വ്യാപാരികള്‍ക്കിടയില്‍ ചില ആശങ്കകള്‍ ബാക്കി നില്‍ക്കുന്നു എന്ന സൂചനകളുമുണ്ട്. അതേസമയം, ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.
സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായ ഡോളര്‍ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. 104.32 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.74 എന്ന നിരക്കിലാണുള്ളത്. രൂപ സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലേക്കാണ് നീങ്ങുന്നത്. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. ക്രൂഡ് ഓയില്‍ വിലയിലും കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 81.13 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. എണ്ണ വില വര്‍ധിച്ചേക്കുമെന്ന് ചില പ്രവചനങ്ങളുണ്ട്. സ്വര്‍ണവില ആഗോള വിപണിയില്‍ ഉയര്‍ന്നേക്കുമെന്നാണ് മറ്റൊരു പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ആഗോള വിപണയില്‍ 50 ഡോളറിനടുത്ത് ഇടിവ് വന്നിരുന്നു. ഇന്നലെ മുതല്‍ തിരിച്ചുകയറുകയാണ്.
ആറ് മാസം മുമ്പ് ഔണ്‍സിന് 1800 ഡോളറായിരുന്നു വില. പിന്നീട് കുതിച്ച് 2483 ഡോളര്‍ വരെ ഉയര്‍ന്നു. ഇതോടെ കേരളത്തില്‍ വില റെക്കോര്‍ഡിലെത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്രം നികുതി 15ല്‍ നിന്ന് ആറിലേക്ക് താഴ്ത്തിയത്. വലിയ തോതില്‍ സ്വര്‍ണ വില ഇടിയാന്‍ ഇത് കാരണമായി. ലണ്ടന്‍ വിപണിയില്‍ 2387 എന്ന നിരക്കിലേക്ക് ഔണ്‍സ് വില ഉയര്‍ന്നതാണ് പുതിയ വിവരം. ഇത് തുടര്‍ന്നാല്‍ കേരളത്തിലും വില കൂടും.