തിരിച്ചടി നേരിട്ട് അസംസ്‌കൃത എണ്ണ; ആഗോള സംഘർഷങ്ങളിൽ നേട്ടമുണ്ടാക്കി സ്വർണവും വെള്ളിയും

0

വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ അസംസ്‌കൃത വസ്തുക്കളുടെ സപ്ളെ-ഡിമാന്റ് സന്തുലനത്തിലുണ്ടായ പ്രശ്നങ്ങള്‍ ലോകമെങ്ങും ഉത്പന്ന വിലകളില്‍ അനിശ്ചിതത്വത്തിനു കാരണമായിട്ടുണ്ട്. യുഎസ് ഫെഡ് നയത്തിലെ ചാഞ്ചാട്ടവും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ തളര്‍ച്ചയും ഇതിന് ആക്കം കൂട്ടുന്നു.

സ്വര്‍ണവും വെള്ളിയും

ഈ കാലയളവില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മുന്നേറ്റം വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു. ലണ്ടന്‍ വിപണിയില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 2500 ഡോളറിനു മുകളിലാണ്. ജനുവരിക്കു ശേഷം സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധന 22 ശതമാനത്തിലേറെ. മൂര്‍ച്ഛിക്കുന്ന ആഗോള സംഘര്‍ഷങ്ങള്‍, യുഎസ് പലിശ നിരക്കിലുണ്ടകുമെന്നു കരുതപ്പെടുന്ന കുറവ്, കേന്ദ്ര ബാങ്കുകളുടെ കൂടിയ തോതിലുള്ള സ്വര്‍ണ്ണം വാങ്ങല്‍, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളുടെ ചേരുവയാണ് പ്രധാനമായും വില വര്‍ധനയ്ക്കു കാരണം.

വെള്ളിയുടെ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും വ്യാവസായിക ഡിമാന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ കുതിപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്. മെയ് മാസം ആഭ്യന്തര വിപണിയില്‍ വെള്ളിയുടെ വില കിലോഗ്രാമിന് 96,493 രൂപ വരെ എത്തിയെങ്കിലും ഈ കുതിപ്പ് പിന്നീട് നില നിര്‍ത്താന്‍ കഴിഞ്ഞില്ല.

മിഡിലീസ്റ്റ് സംഘര്‍ഷവും റഷ്യ- യുക്രൈന്‍ യുദ്ധവും സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും നില മെച്ചപ്പെടുത്തി. അനിശ്ചിതത്വത്തിന്റെ ഘട്ടങ്ങളില്‍ ഇവ ഏറ്റവും ആശ്രയിക്കാവുന്ന ലോഹങ്ങളായതിനാല്‍ വില ഉയരാന്‍ ഇടയാക്കുന്നു.

സ്വര്‍ണ്ണത്തിന്റെ ജൂലായ് മാസത്തെ റെക്കാഡ് വില പിന്നീട് തിരുത്തപ്പെട്ടു. സ്വര്‍ണ്ണം, വെള്ളി ലോഹങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവയില്‍ അനുവദിച്ച ഇളവാണ് ഇതിനു പ്രധാന കാരണം. നേരത്തേയുണ്ടായിരുന്ന 15 ശതമാനത്തില്‍ നിന്ന് ഇറക്കുമതി നികുതി 6 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചു. സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും മൊത്തം നികുതി ഒമ്പത് ശതമാനായി കുറയാന്‍ ഈ നടപടി ഇടയാക്കി. ആഭ്യന്തര സ്വര്‍ണ്ണ വിപണി ശക്തവും ആകര്‍ഷകവുമാക്കാനും അതുവഴി സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടാനും കാരണമായി.

അസംസ്‌കൃത എണ്ണയും പ്രകൃതി വാതകവും

അസംസ്‌കൃത എണ്ണ പ്രകൃതി വാതകം തുടങ്ങിയ ഊര്‍ജ ഉത്പന്നങ്ങളുടെ ഡിമാന്റ് ഇപ്പോഴും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. പ്രധാന വിപണിയായ ന്യൂയോര്‍ക്ക് കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ബാരലിന് 88-71 ഡോളറിനിടയിലാണ് വര്‍ഷത്തില്‍ ഉടനീളം വ്യാപാരം നടന്നത്.

യുഎസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഈയിടെ പുറത്തുവന്ന സാമ്പത്തിക കണക്കുകള്‍ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയുണ്ടായില്ല. എണ്ണയുടെ ഡിമാന്റ് കുറയാന്‍ ഇതും കാരണമായിട്ടുണ്ട്. യുദ്ധത്തിനിടെ മിഡിലീസ്റ്റില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയാനിടയുണ്ടെന്നതും ഒപെക് സഖ്യ രാജ്യങ്ങളുടെ ഉത്പാദനം കുറയ്ക്കല്‍ നടപടിയും നഷ്ടം പരിമിതപ്പെടുത്തി.

പ്രകൃതി വാതകത്തിന്റെ വിലയും വില്പന സമ്മര്‍ദം നേരിടുകയാണ്. യുഎസ് വാതക വില ഈ വര്‍ഷം 15 ശതമാനത്തോളം ഇടിഞ്ഞു. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി.

യൂറോപ്യന്‍ വ്യവസായ രംഗത്തെ വേഗക്കുറവും യുഎസില്‍ നിന്നുള്ള ഉയര്‍ന്ന ഉത്പാദനവും വിതരണവും മുഖ്യ ഉപഭോക്താക്കളായ യുഎസ്, യൂറോ സോണ്‍ രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന പതിവിലും കൂടിയ ചൂടും ലോകമെങ്ങും വാതക വിലയെ ബാധിച്ചു.

അടിസ്ഥാന ലോഹങ്ങള്‍

അടിസ്ഥാന ലോഹങ്ങളുടെ കാര്യത്തില്‍ സമ്മിശ്ര വികാരമാണ് നില നില്‍ക്കുന്നത്. ആദ്യ മാസങ്ങളില്‍ വ്യാവസായിക ലോഹങ്ങളുടെ വില സാവധാനമാണ് മുന്നോട്ടു പോയതെങ്കിലും പിന്നീട് വിതരണത്തെച്ചൊല്ലിയുള്ള ഭയാശങ്കകള്‍ വിലയില്‍ കുതിപ്പിനിടയാക്കി. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞിട്ടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലോഹങ്ങളായ ചെമ്പിനും അലുമിനിയത്തിനും വിലയില്‍ 10 ശതമാനത്തിലേറെ നേട്ടമുണ്ടായി. നാകത്തിന്റെ വില 17 ശതമാനമാണ് വര്‍ധിച്ചത്. ഈയം 2024ന്റെ തുടക്കത്തിനു ശേഷം നാല് ശതമാനം വില വര്‍ധന നേടി.

പ്രമുഖ സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞത് ചില അടിസ്ഥാന ലോഹങ്ങളുടെ വിലകള്‍ക്ക് ആഘാതമായി. ആഗോള നിര്‍മ്മാണ ശക്തി കേന്ദ്രമായ ചൈനയിലാണ് വ്യാവസായിക ലോഹങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്റുള്ളത്. രണ്ടാമത്തെ വന്‍ സമ്പദ് വ്യവസ്ഥയായ ചൈനയില്‍ വലിയ തോതില്‍ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കു തുടരുന്നതിനാലും റിയല്‍ എസ്റ്റേറ്റ് പ്രശ്നങ്ങളും വളരുന്ന കടക്കെണിയും മറ്റും കാരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *