താഴ്ന്നിറങ്ങി സ്വർണം; കൂപ്പുകുത്തി രാജ്യാന്തര വില, കേരളത്തിലും കുറഞ്ഞു, മാറ്റമില്ലാതെ വെള്ളി വില

0

ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക‘ ആശ്വാസവുമായി സ്വർണവില തുടർച്ചയായ മൂന്നാം നാളിലും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,050 രൂപയായി. 240 രൂപ താഴ്ന്ന് 56,400 രൂപയാണ് പവൻ വില. ഗ്രാമിന് കഴിഞ്ഞ ശനിയാഴ്ച 5 രൂപയും ഇന്നലെ 15 രൂപയും കുറഞ്ഞിരുന്നു. പവന് മൂന്ന് പ്രവൃത്തിദിനങ്ങളിലായി കുറഞ്ഞത് 400 രൂപ. കഴിഞ്ഞമാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.

സ്വർണവില കുറഞ്ഞുനിൽക്കുന്നത് മുൻകൂർ ബുക്കിങ്ങിനുള്ള അവസരമായി കാണാമെന്ന് നിരീക്ഷകർ പറയുന്നു. ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തുവാങ്ങാനുള്ള അവസരം ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും സംസ്ഥാനത്ത് നൽകുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം എന്നതാണ് നേട്ടം. ബുക്ക് ചെയ്തശേഷം പിന്നീട് വില കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല. അതേസമയം, വില കുറയുകയാണെങ്കിൽ ആ വിലയ്ക്ക് സ്വർണം നേടാനുമാകും. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,835 രൂപയായി. വെള്ളി വില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

കീഴ്മേൽ മറിഞ്ഞ് രാജ്യാന്തര വില

കഴിഞ്ഞവാരം ഔൺസിന് 2,685 ഡോളർ എന്ന റെക്കോർഡ് ഉയരംതൊട്ട രാജ്യാന്തര വില ഇന്ന് 2,626 ഡോളറിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന പലിശനിരക്കിൽ ഒറ്റയടിക്ക് ഇനിയൊരു ബമ്പർ ഇളവിന് സാധ്യതയില്ലെന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്വർണവില താഴേക്കിറങ്ങിയത്. കഴിഞ്ഞമാസം പലിശയിൽ അരശതമാനം (0.50%) ഇളവ് വരുത്തിയിരുന്നു.

അടുത്ത യോഗങ്ങളിലായി കാൽശതമാനം (0.25%) ഇളവിനേ സാധ്യതയുള്ളൂ എന്നാണ് പവൽ സൂചിപ്പിച്ചത്. ഇതോടെ ഗോൾഡ് ഇടിഎഫ് അടക്കം സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുത്തുള്ള പിന്മാറ്റം കനത്തു. ഡോളറിന്റെ മൂല്യം ഉയർന്നതും സ്വർണവിലയെ താഴേക്ക് നയിച്ചു. നിലവിൽ അൽപം കരകയറി 2,638 ഡോളറിലാണ് സ്വർണവിലയുള്ളത്.

പണിക്കൂലിയടക്കം ഇന്നത്തെ വില

സ്വർണവില കുറഞ്ഞതോടെ, പണിക്കൂലിയും നികുതികളും അടക്കമുള്ള വിലയും താഴേക്കിറങ്ങിയിട്ടുണ്ട്. 56,400 രൂപയാണ് ഒരു പവന് വില. ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്‍യുഐഡി) ചാർജ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്ന് 61,051 രൂപ കൊടുത്താൽ ഒരു പവൻ ആഭരണം സ്വന്തമാക്കം. ഒരു ഗ്രാം ആഭരണത്തിന് നൽകേണ്ടത് 7,631 രൂപയും. കഴിഞ്ഞയാഴ്ച നൽകേണ്ടിയിരുന്ന വില 61,484 രൂപയായിരുന്നു; ഗ്രാമിന് 7,685 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *