കാമുകി പിണങ്ങി : ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

0

പാലക്കാട്: കാമുകി പിണങ്ങിയെന്ന കാരണത്താല്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച് യുവാവ് പൊലീസ് പിടിയില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍.

ഫോണില്‍ സംസാരിക്കവെയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് ട്രെയിന്‍ അപകടപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു. വെള്ളി പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്‌സ്പ്രസ് ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിന്‍ നിര്‍ത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രയിന്‍ കടന്നുപോയത്. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു. പുലര്‍ച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടര്‍ന്നു. രണ്ട് ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച് ആര്‍പിഎഫും മലമ്പുഴ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *