3 വയസുകാരി നേരിട്ടത് ക്രൂര പീഡനം; പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ ; ബന്ധു അറസ്റ്റിൽ

എറണാകുളം : മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി ഒപ്പം പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിട്ടുണ്ട് . കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കൊല ചെയ്യപ്പെടുന്നതിന് ഒരു ദിവസത്തിന് മുൻപ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്നും പൊലീസ് . പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.