ജർമ്മൻ നോവലിസ്റ്റും നർത്തകിയുമായ ബ്രിജിറ്റ് ബാൻഡിൽ അന്തരിച്ചു

0

ആലപ്പുഴ∙ ജർമൻ നോവലിസ്റ്റും നർത്തകിയും ചലച്ചിത്ര നാടക പ്രവർത്തകയും ഫാഷൻ ഡിസൈനറുമായ സിൽവിയ ബ്രിഗിറ്റേ ബാൻഡിൽ (69) അന്തരിച്ചു. ചെട്ടികാട് സിൽവിയാണ്ടർ ഹൗസിൽ രാവിലെ 10.50 നായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് സിൽവിയയുടെ ആഗ്രഹം പോലെ സിൽവിയാണ്ടർ ഹൗസിൽ നടക്കും.

ജർമനിയിലെ കാൾസ്‌റൂഹിൽ 1955 ൽ ജനിച്ച സിൽവിയ കോളജ് പഠനത്തിനു ശേഷം ലോക സഞ്ചാരം തുടങ്ങി. റോഡ് മാർഗം 1978 ൽ ആദ്യമായി ഇന്ത്യയിലെത്തി. കാൽനടയായും സൈക്കിളിലും ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. കേരളത്തിൽ വച്ച് ഇന്ത്യൻ ക്ലാസിക് നൃത്തവും കഥകളിയും അഭ്യസിച്ചു. കേരളത്തിലെ ഗ്രാമീണ ജീവതത്തെക്കുറിച്ചും പാരമ്പര്യ ചികിത്സാ രീതികളെക്കുറിച്ചും പഠിച്ചു. ആറു മാസം കൊണ്ട് ആഫിക്ക മുഴുവൻ കാൽനടയായി സഞ്ചരിച്ചു. സഹാറ മരുഭൂമി മുറിച്ചു കടന്നു വാർത്തകളിൽ ഇടം നേടി. ഹിറ്റ്ലർ അഗ്നിക്കിരയാക്കിയ ജർമൻ സാഹിത്യ കൃതികൾ കണ്ടെത്തി പുനഃപ്രകാശനം ചെയ്‌തത്‌ സിൽവിയുടെ ചുമതലയിൽ ആയിരുന്നു.

ശാന്തിനികേതനിൽ വച്ച് പരിചയപ്പെടുകയും തുടർന്നു കൂടെ പ്രവർത്തിക്കുകയും ചെയ്ത പ്രശസ്ത ചിത്രകാരൻ ഡി. അലക്സാണ്ടറെ 2004 ൽ വിവാഹം കഴിച്ചു. ഇരുവരും ചേർന്നു ചെട്ടികാട് സ്‌ഥലം വാങ്ങി സിൽവിയാണ്ടർ ഹൗസ് എന്ന പേരിൽ ആർട് ഗാലറിയും, കലാപരിശീലന കേന്ദ്രവും തുടങ്ങി. കുമളിയിൽ സ്വന്തമായുള്ള വീട്ടിലും ഇവർ ഇടയ്ക്കിടെ താമസിച്ചു ചിത്രം വരയും സാഹിത്യ രചനയും നടത്തി. അലക്സാണ്ടറിന്റെ നാടായ പുന്നപ്രയെ പശ്ചാത്തലമാക്കി ജർമൻ ഭാഷയിൽ എഴുതിയ നോവലും, ദി ലക്ക് ഓഫ് ഫുൾസ് എന്ന പേരിലുള്ള ആദ്യ നോവലും ഉൾപ്പെടെ 9 നോവലുകളും നിരവധി കലാ നിരൂപണങ്ങളും യാത്രാ വിവരണങ്ങളും നാടകങ്ങളും സിൽവിയ എഴുതി. ശാന്തിനികേതനിൽ അടക്കം ഇന്ത്യയിലും വിദേശത്തുമായി നിരവധി സർവകലാശാലകളിലും കലാകേന്ദ്രങ്ങളിലും സെമിനാറുകളിൽ സിവിൽയ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ചെട്ടികാട് ഗ്രാമവും കടപ്പുറവും പശ്ചാത്തലമാക്കി എഴുതി തുടങ്ങിയ നോവലിന്റെ അവസാന ഘട്ടത്തിലായിരുന്നു അന്ത്യം. കാൻസർ ബാധിതയായി ചികിത്സയ്ക്ക് ജർമനിയിൽ പോയിരുന്നെങ്കിലും ആഗ്രഹം പ്രകാരം രണ്ടാഴ്‌ച മുൻപ് ചെട്ടികാട് തിരിച്ചെത്തി വിശ്രമത്തിലായിരുന്നു. സിവിൽവിയുടെ കുടുംബാംഗങ്ങൾ മ്യൂണിക്കിൽ ആണ് താമസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *