മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍
വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട് കൂടി ആരംഭിച്ച ചടങ്ങില്‍ പുതിയ കര്‍ദിനാള്‍മാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറുന്ന ചടങ്ങുമാണ് നടന്നത്.
പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാര്‍ കൂവക്കാട് ധരിച്ചത്. ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയന്‍ ബിഷപ്പ് ആഞ്ജലോ അസര്‍ബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയന്‍ ബിഷപ്പ് മൈക്കലോ ബൈചോകും കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. മാര്‍പാപ്പയുടെ 256 അംഗ കര്‍ദിനാള്‍ സംഘത്തിലാണ് മാര്‍ കൂവക്കാട് അടക്കമുള്ളവര്‍ ഭാഗമാവുന്നത്.