ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ ഗാസയിൽ അപകടം: 5 മരണം
ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് ആകാശ മാർഗം വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരഷ്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് പെട്ടി പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. അമേരിക്കയും ജോർദനും ഉൾപ്പെടെയുള്ള പല രാജ്യങ്ങൾ ഗാസയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. ഗാസയിലേക്ക് അവശ്യവസ്തുക്കൾ കടൽ മാർഗം എത്തിക്കാനുള്ള ഇടനാഴി നാളെയോടെ പ്രവർത്തന സജ്ജമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.