ഗാസ : 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 596 പേര്‍- അധികവും സ്‌ത്രീകളും കുട്ടികളും

ജറുസലം: ഗാസയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇന്നലെ മാത്രം നടന്ന ആക്രമണത്തില്‍ പൊലിഞ്ഞത് 85 ജീവനുകള്‍. ഇതോടെ വെടി നിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 596 ആയി. മരിച്ചവരില്‍ 200 പേര്‍ കുട്ടികളാണ്.
വീണ്ടും ഗാസയിലേക്ക് പ്രവേശിച്ച ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസയില്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധക്കെടുതിയില്‍ തകര്‍ന്ന വടക്കന്‍ ഗാസയിലേക്ക് വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം നിരവധി പേര്‍ തിരിച്ചെത്തിയിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ വീണ്ടും നാടുവിടേണ്ട അവസ്ഥയിലാണ്.ഇസ്രയേല്‍ ആക്രമണം തുടരുന്ന സഹാചര്യത്തില്‍ തങ്ങള്‍ തിരിച്ചടിച്ചെന്ന് ഹമാസ് വ്യക്തമാക്കി. മധ്യ ഇസ്രയേലിലേക്ക് തങ്ങള്‍ റോക്കറ്റാക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലില്‍ പലയിടത്തും വ്യോമാക്രമണ മുന്നറിയിപ്പായി സൈറണുകള്‍ മുഴങ്ങി.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ആദ്യമായാണ് ഹമാസ് തിരിച്ചടിച്ചത്. അതേസമയം യെമനില്‍ നിന്നുള്ള ഹൂതികളുടെ മിസൈല്‍ വെടിവച്ചിട്ടതായി ഇസ്രയേലും അവകാശപ്പെട്ടു.ഖാന്‍ യൂനുസില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു വീട്ടിലെ 16 പേര്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 7 പേര്‍ കുട്ടികളാണ്. വീട്ടിലുണ്ടായിരുന്ന ഒരു മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.