ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; നിരവധി മരണം
ഗസ്സ: ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഏറ്റവും അവസാനം നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വടക്കൻ ഗസ്സയിലെ ബെയ്‌ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റഫയിലും വ്യാപക ആക്രമണം നടത്തുകയാണ് ഇസ്രായേൽ.
ഇസ്രായേൽ- ലബനാൻ സംഘർഷം യുദ്ധമാവാതിരിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നുണ്ട്. ഇസ്രായേൽ- ലബനാൻ യുദ്ധസാഹചര്യം ഒഴിവാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ആരും തന്നെ യുദ്ധവ്യാപ്തി ആഗ്രഹിക്കുന്നില്ലെന്നും രണ്ട് പക്ഷവും സംയമനം പുലർത്തണമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമായാൽ ലബനാൻ, ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ സാധിക്കുമെന്നും അന്തർദേശീയ സമൂഹം സമാധാനശ്രമം കൂടുതൽ ഊർജിതമാക്കണമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു.
മറ്റൊരു യുദ്ധം കൂടി അതിജീവിക്കാനുള്ള ശേഷി മേഖലയ്‌ക്കില്ലെന്നും രാഷ്ട്രീയ പ്രശ്നപരിഹാരമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും ബോറൽ എടുത്തുപറഞ്ഞു. ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ച വിജയം കാണില്ലെങ്കിൽ കടുത്ത തീരുമാനവുമായി മുന്നോട്ടുപോവുമെന്നും നെതന്യാഹു നിലപാട് അറിയിച്ചു.
തങ്ങളുടെ സൈനിക താവളങ്ങൾ ഇസ്രായേലിന് തുറന്നുകൊടുക്കില്ലെന്ന് ലബനാനിലെ സൈപ്രസ് അംബാസഡർ അറിയിച്ചു. ഇസ്രായേലിന് സൈനിക സഹായം നൽകിയാൽ സൈപ്രസിനെ വെറുതെവിടില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞദിവസം താക്കീത് ചെയ്തിരുന്നു