ഗാസ സമാധാന പദ്ധതിക്ക് യുഎന്‍ അംഗീകാരം : തള്ളി ഹമാസ്

0
UN SEC

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി യു എന്‍ രക്ഷാസമിതി അംഗീകരിച്ചു. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് അടക്കമുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ബ്രിട്ടന്‍, ഫ്രാന്‍സ്, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടണ്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ സാധ്യമായത്. ഗാസ പുനരുദ്ധാരണം, മികച്ച ഭരണസംവിധാനം ഒരുക്കല്‍ തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്, മറ്റു രാജ്യങ്ങള്‍ക്ക് യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് കൗണ്‍സിലിന് നന്ദി അറിയിച്ചു.

പ്രമേയത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ യുഎന്‍ ഡയറക്ടര്‍ ലൂയിസ് ചാര്‍ബോണിയോ അഭിപ്രായപ്പെട്ടു.എന്നാൽ ഹമാസ് പദ്ധതിയെ അംഗീകരിച്ച നടപടിയെ തള്ളിക്കളഞ്ഞു. പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പ്രമേയം പരാജയപ്പെടുന്നു എന്നും ഗാസയില്‍ ‘ഒരു അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പ്’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നും യുഎന്‍ കൗണ്‍സിലിന്റെ തീരുമാനം തള്ളിക്കൊണ്ട് ഹമാസ് വ്യക്തമാക്കി. പ്രതിരോധങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, ഗാസ മുനമ്പിനുള്ളില്‍ അന്താരാഷ്ട്ര സേനയ്ക്ക് ചുമതലകളും റോളുകളും നല്‍കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും ഹമാസ് കുറ്റപ്പെടുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *