ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; 100ലധികം പേര്‍ കൊല്ലപ്പെട്ടു
ടെല്‍അവീവ്: കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം അഭയാര്‍ഥി ക്യാംപുകളായ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
സ്‌കൂളുകളില്‍ ഹമാസ് ഭീകരര്‍ ഉണ്ടെന്ന പേരിലാണ് ഗാസയിലുടനീളമുള്ള അഭയാര്‍ഥി ക്യാംപുകളില്‍ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്നിങ്ങോട്ട് 10 മാസമായി നടക്കുന്ന യുദ്ധത്തില്‍ 40000 പലസ്തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്