വണ്ടിയിലെത്തിച്ച് മാലിന്യം തള്ളിയ സംഘത്തെ കയ്യോടെ പൊക്കി നാട്ടുകാർ
കൊച്ചി :വണ്ടിയിലെത്തിച്ച് കളമശേരിയിൽ മാലിന്യം തള്ളിയ സംഘത്തെ കയ്യോടെ പൊക്കി നാട്ടുകാർ. ഫർണിച്ചർ കടയിൽനിന്നുള്ള മാലിന്യം പൊതുസ്ഥലത്തു തള്ളിയ സംഘത്തെയാണു നാട്ടുകാർ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12–ാം വാര്‍ഡായ എച്ച്എംടി എസ്റ്റേറ്റിലാണു സംഭവം. പിക്കപ്പിൽ എത്തിയ സംഘം വണ്ടി നിര്‍ത്തിയശേഷം മാലിന്യം തള്ളി. എന്നാൽ തിരികെ പോകാൻ നേരം വണ്ടി പണിമുടക്കുകയായിരുന്നു.
പ്രദേശത്ത് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടിയിരുന്ന നാട്ടുകാര്‍, മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാനായി തക്കം പാർത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണു പിക്കപ്പ് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽനിന്നു മാലിന്യം തള്ളാനെത്തിയവരാണെന്നു മനസിലായി. പിന്നീടു പ്രദേശത്തെ കൗൺസിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം സംഘത്തെ പൊലീസിനു കൈമാറുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് ഇവരെന്നാണ് നാട്ടുകാരുടെ ആരോപണം.