MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA നൽകിയ പരാതിയിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല.
യൂ പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും കഴിഞ്ഞ നവംബറിലാണ് എക്സൈസ് കേസെടുത്തത് . എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ. ഇത് സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നൽകിയിരുന്നു. പ്രതിഭയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കേസിന്റെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥരുടെയും 9 പ്രതികളുടെയും യു പ്രതിഭ എംഎൽഎയുടെയും മൊഴി രേഖപ്പെടുത്തും.