ഗാന്ധിയനല്ലാത്ത ഗാന്ധി
ജി വിശ്വനാഥൻ
ഗാന്ധിയെ ‘വായിക്കുന്ന ‘തിന് ഉചിതമായ ഒരു രീതിശാസ്ത്രത്തിൻ്റെ അഭാവത്തിൽ, അഹിംസയെപ്പറ്റിയുള്ള ഗാന്ധി വിചാരങ്ങൾ മതാത്മക തലത്തിൽ മനസ്സിലാക്കപ്പെടുന്നത് സ്വാഭാവികമാവണം.
ഗാന്ധിയുടെ കർമ്മ പദ്ധതികളുമായി _ തൻ്റെ വാക്കുകളല്ല പ്രധാനം എന്നയാൾ ആവർത്തിച്ചു പറഞ്ഞു പോന്നിരുന്നു – ബന്ധപ്പെടുത്തി ഗാന്ധിയൻ വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചാലേ അയാളിലെ വിധ്വംസകമായ ആശയലോകം വെളിപ്പെടു എന്നു തോന്നുന്നു.
സബർമതി ആശ്രമത്തിൽ രോഗപീഡ കൊണ്ടു വലഞ്ഞ ഒരു പശുവിനെ ദയാവധം ചെയ്യുന്ന ഒറ്റ സംഭവത്തിലൂടെ മതാത്മകമായ അഹിംസയെ മാത്രമല്ല, ഗോ സംരക്ഷണത്തിൻ്റെ വിശ്വാസ കവചത്തെയും ഗാന്ധി പൊളിച്ചു കളയുന്നത് നാം ശ്രദ്ധിച്ചില്ല. ഇതിനെത്തുടർന്ന് മുറിവേറ്റ ജാതി ഹിന്ദുക്കളായ അന്തേവാസികൾ സബർമതി ആശ്രമം വിട്ടു പോയതും നാം ശ്രദ്ധിച്ചിട്ടില്ല. ( ഗോവധ നിരോധനത്തിന്നായി വാദിച്ചു പോന്ന ഗാന്ധിയാണ് നമുക്ക് പരിചിതൻ. ഇന്ത്യയെപ്പോലൊരു രാജ്യത്ത് വൃക്ഷാരാധനയ്ക്ക് വലിയ സാമ്പത്തിക പ്രസക്തിയുണ്ടെന്നു പറഞ്ഞ ഗാന്ധിക്ക്, പശു സംരക്ഷണത്തിൻ്റെ കാര്യത്തിലും മറിച്ചാവില്ല കാഴ്ചപ്പാട്. എന്നാൽ ഏതു മാംസവും കഴിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും അയാൾ മുന്നിൽ തന്നെയുണ്ടായിരുന്നു!).
‘ജീവിതം അതിൽ തന്നെ ഹിംസയെ ഉൾ വഹിക്കുന്നുണ്ട്; പക്ഷെ നമുക്ക് ഏറ്റവും മിനിമമായ ഹിംസയുടെ വഴി തെരഞ്ഞെടുക്കേണ്ടതുണ്ട്’ എന്നെഴുതിയ ഗാന്ധി, ഹിംസയോ ഭയമോ രണ്ടിലൊന്നു തെരഞ്ഞെടുക്കേണ്ടി വന്നാൽ ഹിംസയാണ് തൻ്റെ തെരഞ്ഞെടുപ്പെന്നും പറഞ്ഞു!
അർത്ഥപൂർണമായ ഒരു ജനാധിപത്യത്തിന് അഹിംസയുടെ വലിയ തരത്തിലുള്ള സാന്നിദ്ധ്യം ഒഴിച്ചുകൂടാത്തതാണ് എന്ന് ഗാന്ധി കരുതിയത് നാം കൂടുതൽ തിരിച്ചറിയുന്ന കാലമാണിത് എന്നു തോന്നുന്നു. സത്യവും അഹിംസയും ചേർന്ന പ്രതിരോധത്തിൻ്റെ പ്രസക്തിയും ഇക്കാലത്ത് കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
‘ആധുനിക ‘മായ മൂല്യങ്ങൾക്ക് പലതിനും എതിർ നിന്ന ഗാന്ധി, ശൈശവ ജനാധിപത്യത്തെ നയിക്കാൻ നെഹ്റുവിനെ പിന്താങ്ങുന്ന കൃത്യമായ രാഷ്ട്രീയ നിലപാടിലുമുണ്ട് ‘വൈരുദ്ധ്യ’ത്തിൻ്റെ ശരി.
ഗാന്ധി, ഒട്ടുമേ ഗാന്ധിയനല്ല തന്നെ!
_( അറിയപ്പെടുന്ന എഴുത്തുകാരനും കവിയും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമാണ് ലേഖകൻ )_