ഗാന്ധിദര്‍ശന്‍ സമിതിയുടെ ”ബാപ്പുജി പാലക്കാട് @ 100” ശതാബ്ദി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പാലക്കാട്: മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷം കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് മാസം 18-ാം തിയ്യതി വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടേ ആഘോഷിക്കുന്നു.
വെെക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ ഗാന്ധിജി വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും 1925 മാര്‍ച്ച് മാസം 18 -ാം തിയ്യതി വടക്കഞ്ചേരി, ആലത്തൂര്‍, പാലക്കാട് , ഒലവക്കോട് വഴി അകത്തേത്തറ ശബരി ആശ്രമത്തിലെത്തുകയും, പിറ്റേന്ന് 19 -ാം തിയ്യതി പാലക്കാട്ട് റെയില്‍വെ തൊഴിലാളികളുടെ സ്വീകരണ ശേഷം മടങ്ങിപോവുകയും ചെയ്തു.
ഗാന്ധിജിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ഓര്‍മ പുതുക്കുന്നതിന്‍റെ ഭാഗമായാണ് ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ ബാപ്പുജി പാലക്കാട് @ 100” എന്ന പേരില്‍ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 4 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പാലക്കാട് ഡി.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ശതാബ്ദി ആഘോഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് എം.ഷാജു അധ്യക്ഷത വഹിക്കും. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാഥിതികളാകും.
കെപിസിസി സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട പി.ഹരിഗോവിന്ദന്‍, പി.ബാലഗോപാല്‍, പി.വി.രാജേഷ് എന്നിവര്‍ക്ക് സ്വീകരണവും നല്‍കും. പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന, അനുസ്മരണ പ്രഭാഷണം എന്നിവയും ഉണ്ടാകുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍ അറിയിച്ചു.