വിങ്ങുന്ന വയനാടിനുവേണ്ടി റെക്കോര്‍ഡുകാരി സുചേത സതീഷിന്റെ ഗാനാര്‍ച്ചന; ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടുനീ… പ്രിയനിര്‍മാതാവ് പി.വി. ഗംഗാധരന്റെ ഇഷ്ടഗാനം പാടിയാണ് സുചേതാ സതീഷ് തുടങ്ങിയത്. ഉരുള്‍പൊട്ടലിന്റെ സങ്കടത്തില്‍ വിങ്ങുന്ന വയനാടിനുവേണ്ടിയായിരുന്നു തിങ്കളാഴ്ച സന്ധ്യമയങ്ങുമ്പോള്‍ ഈ ഗിന്നസ് റെക്കോര്‍ഡുകാരിയുടെ ഗാനാര്‍ച്ചന. ഗാനസന്ധ്യയില്‍നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് നല്‍കുന്നത്. അതുവഴി വയനാട്ടിലെ സഹജീവികളുടെ സങ്കടങ്ങള്‍ക്ക് അല്പമൊരാശ്വാസമാകുമല്ലോ എന്നചിന്തയിലാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ സുചേത ഗാനസന്ധ്യയൊരുക്കിയത്.
പരിചിതവും അപരിചിതവുമായ ഭാഷകളിലെ ഗാനപ്രവാഹത്തില്‍ സദസ്സ് ലയിച്ചിരുന്നു. പലപ്പോഴും അമ്പരന്നിരുന്നു, പാട്ടിന്റെ വരികളും അര്‍ഥവും മനസ്സിലാകാതെ… എങ്കിലും ഓരോഗാനവും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. അറബിക്, ഗുജറാത്തി, ജാപ്പനീസ് തുടങ്ങി പന്ത്രണ്ടുഭാഷകളിലാണ് സുചേത പാടിയത്. പാട്ടുപാടി ചരിത്രംകുറിച്ച സുചേതയെ സംബന്ധിച്ച് ഇത് എത്രയോ കുറവാണ്. 140 വ്യത്യസ്തഭാഷകളില്‍ പാടിയതിന് ഗിന്നസ് റെക്കോര്‍ഡുള്ള ഗായികയാണിവര്‍. സ്വന്തം റെക്കോര്‍ഡായ 120 ഭാഷകളിലെ ഗാനങ്ങളെ മറികടന്നാണ് സുചേത 2023-ല്‍ പുതുചരിത്രം കുറിച്ചത്.
കോഴിക്കോട് സ്വദേശിയായ സുചേത ദുബായില്‍ രണ്ടാംവര്‍ഷ ഡിജിറ്റല്‍ മീഡിയ ബിരുദ വിദ്യാര്‍ഥിനിയാണ്. എസ്.ബി.ഐ.യുടെ സഹായത്തോടെയാണ് പരിപാടിയൊരുക്കിയത്. പ്രതിസന്ധികളില്‍ പാട്ടുമായി സുചേത മുന്‍പും സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് ഗാനസന്ധ്യ നടത്തി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയിരുന്നു. മേയര്‍ ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.
തിങ്കഴാഴ്ച നടന്ന പരിപാടിക്ക് സേലത്തുള്ള വിനായകാ മിഷന്‍ റിസെര്‍ച്ച് ഫൗണ്ടേഷന്‍ അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളും വ്യക്തികളും സംഭാവന നല്‍കി. ജെറി അമല്‍ദേവിന്റ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ‘മേലെ മേലെ മാനം’ എന്ന ഗാനത്തിലെ വരികള്‍പോലെ, ‘കാണാതെ കാണും സ്വപ്നംകാണാന്‍ പോരു പോരു ചാരെ….’ എന്നുപാടി പ്രതീക്ഷയുടെ നാളുകളുണ്ടാവുമെന്ന പ്രത്യാശ സുചേത പങ്കിടുന്നു.