വാതുവപ്പ് കേസ് : EDക്ക് മുന്നിൽ ഹാജാരായി നടൻ പ്രകാശ് രാജ്

0
ED

ഹൈദരാബാദ്: നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ നടൻ പ്രകാശ് രാജ് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബഷീർബാഗിലുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ റീജിയണൽ ഓഫീസിലേക്ക് പ്രകാശ് രാജ് എത്തിയത്.

നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ജൂലൈ 10-ന് ഇഡി കേസെടുത്ത 29 സെലിബ്രിറ്റികളിൽ പ്രകാശ്‌ രാജ് ഉള്‍പ്പെടെ നാല് അഭിനേതാക്കളുണ്ട്. കേസിൽ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്‌മി എന്നിവര്‍ക്ക് ഇഡി അടുത്തിടെ സമൻസ് അയച്ചിരുന്നു.ജൂലൈ 23-ന് ഹാജരാകാൻ നടൻ റാണ ദഗ്ഗുബാട്ടിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മറ്റൊരു തീയതി തേടി. ഓഗസ്റ്റ് 6-ന് വിജയ ദേവരകൊണ്ടയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടപ്പോൾ, ഓഗസ്റ്റ് 13-ന് എത്താനാണ് മഞ്ചു ലക്ഷ്‌മിയ്‌ക്ക് ഇഡി നിര്‍ദേശം.വൻ വിവാദമായ വാതുവപ്പ് ആപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന്‍റെ ഭാഗമായാണ് ഇഡി ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കും ഏജന്‍സി നോട്ടീസ് അയച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രമോഷനുകളെ കൂടാതെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഉൾപ്പെടുന്ന ഈ കേസ് സിനിമയിലും ഡിജിറ്റൽ ഇൻഫ്ലുവൻസർ സമൂഹത്തിലും കനത്ത ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ജംഗിൾ റമ്മി, ജീറ്റ്വിൻ, ലോട്ടസ് 365 തുടങ്ങിയ വാതുവപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി വ്യക്തികൾക്ക് വലിയ തുകകൾ ലഭിച്ചതായി ഇഡി സംശയിക്കുന്നു.പ്രചാരകര്‍ക്ക് നൽകുന്നതിനായി ഹവാല നെറ്റ്‌വർക്കുകൾ വഴി ആപ്പിന്‍റെ നടത്തിപ്പുകാര്‍ ആയിരക്കണക്കിന് കോടി രൂപ വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഫയൽ ചെയ്‌ത അഞ്ച് എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി അന്വേഷണം നടത്തുന്നത്. തെലങ്കാന പൊലീസിൽ നിന്ന് ഇഡി പ്രാഥമിക അന്വേഷണ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രചാര പ്രവർത്തനങ്ങളുടെ മറവിൽ സെലിബ്രിറ്റികളിലൂടെ അനധികൃത ഫണ്ട് എത്തിച്ചോ എന്നതിലാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *