ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്

ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. അതേസമയം ജി സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 36 വർഷം മുൻപത്തെ സംഭവമായതിനാൽ തെളിവുകൾ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പോലിസ് കരുതുന്നത്.
നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കൂ.പോസ്റ്റൽ ബാലറ്റുകൾ 1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ തിരുത്തി. വിവാദ പരാമർശം തിരുത്തിയാണ് അമ്പലപ്പുഴ തഹസിൽദാർക്കും മൊഴി നൽകിയത്. എന്നാൽ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനിൽക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ തുടരുമെന്നാണ് സൂചന.