ജി സുധാകരനെ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

0

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. സാധാരണ അംഗം എന്ന പ്രയോഗം പാടില്ലെന്നും അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നും സംസ്ഥാന സെക്രട്ടറി ആലപ്പുഴ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞാലും പരിപാടികളില്‍ പങ്കെടുപ്പിക്കണം.

മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. സ്ഥാനമാനം ഒഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കണം. മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് വിളിച്ച് സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതില്‍ പുതിയ മാനദണ്ഡം ചര്‍ച്ചയാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ നിന്ന് മുന്‍ മന്ത്രി കൂടിയായ ജി സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലേക്കും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണത്തെ സമ്മേളനവേദി. 15 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ജി സുധാകരന്‍. സുധാകരനെ അവഗണിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

കൂടിക്കാഴ്ച സൗഹാര്‍ദപരമാണെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നില്ലെന്നുമാണ് ഇരുനേതാക്കളും പ്രതികരിച്ചത്. കൂടാതെ ജി സുധാകരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക്ഷണിച്ചിരുന്നു. പേരെടുത്ത് പറയാതെയാണ് കെ സുരേന്ദ്രന്‍ ജി സുധാകരനെ ക്ഷണിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *