ജിസിഎഎയുടെ യാത്രക്കാരുടെ പരാതി സൂചിക പുറത്ത്
ജിദ്ദ : സൗദി അറേബ്യയിലെ വ്യോമയാന ഗതാഗത രംഗത്തെ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള സൂചിക പുറത്തുവിട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ജൂൺ മാസത്തിലെ കണക്കുകൾ വിലയിരുത്തി സൂചിക പുറത്തുവിട്ടത്. ഏറ്റവും കുറവ് പരാതി ലഭിച്ച എയർലൈൻ സൗദി എയർലൈൻസ് ആണ്. ഫ്ലൈനാസ് രണ്ടാം സ്ഥാനത്തും അഡെൽ ഏവിയേഷൻ മൂന്നാം സ്ഥാനത്തുമാണ്. പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ലഭിച്ചത് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളമാണ്. 60 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ അബഹ വിമാനത്താവളം ആണ് മുന്നിൽ. ആഭ്യന്തര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ബിഷ വിമാനത്താവളത്തിൽ ആണ്.