എം കെ.സാനുവിന് വിട! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 4ന്

എറണാകുളം: അന്തരിച്ച പ്രമുഖ സാഹിത്യകാരനും മുൻ എംഎൽഎയുമായ എം കെ സാനുവിൻ്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്‌മശാനത്തിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുക്ഷിച്ചിരുന്ന മൃതദേഹം സ്വവസതിയായ സന്ധ്യയിൽ എത്തിച്ചു. രാവിലെ പത്ത് മണി മുതൽ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതു ദർശനത്തിന് വെക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഹാളിലെത്തിയാകും അന്തിമോപചാരം അർപ്പിക്കുക. മന്ത്രിമാരായ വി എൻ വാസവൻ, കെ രാജൻ, എം ബി രാജേഷ്, ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ് എന്നിവർ ടൗണ്‍ ഹാളിലെത്തി അന്തിമമോപചാരം അർപ്പിച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാന്‍ എത്തുന്നുണ്ട്. എട്ടാം കേരള നിയമസഭയിൽ എറണാകുളം മണ്ഡലത്തെയാണ് എം കെ സാനു പ്രതിനിധീകരിച്ചിരുന്നത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ശനിയാഴ്ച വൈകിട്ട് 5.35ന് സാനുമാസ്റ്ററുടെ അന്ത്യം സംഭവിച്ചത്. വീട്ടില്‍ വീണതിനെത്തുടര്‍ന്ന് കഴിഞ്ഞ 25നാണ് സാനു മാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്‌ചയില്‍ കഴുത്തിൻ്റെ വലതുഭാഗത്ത് പൊട്ടല്‍ സംഭവിച്ചിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ടും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുകയും ചെയ്തിരുന്നു. പൾമണറി എഡീമ, ഹാർട്ട് ബ്ലോക്ക്, ന്യുമോണിയ എന്നിവയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസതടസം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലയാള സാഹിത്യ തറവാട്ടിലെ കാരണവരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത ഗുരു വര്യനായിരുന്നു സാനുമാഷ്. കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ വിശ്രമ ജീവിതം വായനയിലും എഴുത്തിലും സജീവമാക്കിയാണ് സാനുമാസ്റ്റർ കഴിഞ്ഞിരുന്നത്. തൊണ്ണൂറ്റിയെട്ടാം വയസിലും കൊച്ചിയിലും പരിസരങ്ങളിലും സാംസ്കാരിക പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സാനുമാസ്റ്റർ . ജീവിതാവസാനം വരെ തൻ്റെ കർമമേഖലയിൽ സജീവമാക്കിയാണ് അദ്ദേഹം കാലയവനികയ്‌ക്കുള്ളിൽ മറയുന്നത്.
ഇത്രയും നാൾ ജീവിച്ചിരിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ലന്ന് സാനുമാസ്റ്റർ പറയാറുണ്ടായിരുന്നു. തന്‍റെ വിചാരത്തിന് അപ്പുറത്തേക്ക് ആയുസ്സ് അനുഗ്രഹം തന്നു. താൻ സ്വീകരിച്ചത് തിരിച്ച് തരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്‍റെ വരികൾ ഉദ്ധരിച്ച് അദ്ദഹം ചൂണ്ടിക്കാട്ടിയിരുന്നു. തൻ്റെ വർധക്യത്തെ ബൗദ്ധികമായ ഇടപെടലുകളാൽ നിത്യ യൗവനമാക്കാൻ കഴിഞ്ഞ, അപൂർവ വ്യക്തിത്വത്തിന് ഉടമമായിരുന്നു എം കെ സാനു. കൊച്ചിയിലെ സർവ സ്വീകാര്യനായ പൊതുപ്രവർത്തകനും എഴുത്തുകാരനും സാംസ്കാരിക മുഖവുമായിരുന്നു സ്വാത്വികനായ എം.കെ സാനു.
ആദ്യഗ്രന്ഥമായ അഞ്ച് ശാസ്ത്രനായകന്‍മാര്‍ 1958ലാണ് സാനു മാഷ് പ്രസിദ്ധീകരിക്കുന്നത്. 1960-ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. വിമര്‍ശനം, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങി നാല്‍പതോളം കൃതികള്‍ എം കെ സാനുവിൻ്റേതായുണ്ട്. കര്‍മഗതി എന്ന ആത്മകഥയും എഴുതിയിട്ടുണ്ട്.അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് – ആശാൻ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, ഉറങ്ങാത്ത മനീഷി, കുമാരനാശാൻ്റെ നളിനി – വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി, മോഹൻലാൽ – അഭിനയ കലയിലെ ഇതിഹാസം, നാരായണ ഗുരുസ്വാമി, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും തുടങ്ങിയവ സാനുമാഷിൻ്റെ ശ്രദ്ധേയ കൃതികളാണ്.