അഭിമുഖത്തിൻ്റെ പൂർണ്ണരൂപം പുറത്ത്: ഇടതുപക്ഷം എല്ലാറ്റിനും പിറകിലെന്ന് ശശിതരൂർ

“പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത് . താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ വികസനവും ഭാരതത്തിന്റെ ബഹുസ്വരതയും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ എല്ലാ മേഖലയിലും രാഷ്ട്രീയമുണ്ട്. സാഹിത്യത്തിലും രാഷ്ട്രീയമുണ്ട് .വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായം .സ്വകാര്യ സർവകലാശാലകളെ എതിർത്തവരാണ് ആദ്യം ഇടതുപക്ഷം. ഇപ്പോൾ അതിനെ അനുകൂലിക്കുന്നു. പക്ഷേ വിദേശ സർവകലാശാലകൾ വേണ്ടെന്നാണ് തീരുമാനം. അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ ആ തീരുമാനവും മാറും. പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലായിപ്പോഴും ഇടതുപക്ഷം അതിനെ എതിർത്തിരുന്നു. മൊബൈൽ ഫോണിനെയും കമ്പ്യൂട്ടറിനെയും എതിർത്തവരാണ്. എല്ലാത്തിലും അവർ പുറകെയാണ് “- ശശി തരൂർ .
തന്നെ എതിർക്കാനും താൻ പറയുന്നതിൽ കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ പോലും ആളുകൾ ഉണ്ടെന്ന് ശശി തരൂർ. താൻ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും നാട് നന്നാകണം എന്നതാണ് ആവശ്യമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. ശശി തരൂർ പറഞ്ഞു. ഏറെ വിവാദം ഉണ്ടാക്കിയ അഭിമുഖത്തിലെ പൂർണ്ണരൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഡോ. ശശി തരൂർ എംപി. കേരളത്തിന്റെ വിഷയങ്ങളിൽ കുറേകൂടി ഇടപെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ശശി തരൂർ പറയുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ എന്ത് ചുമതല വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ വരുന്നത് ഭരണം ലഭിക്കാൻ മാത്രമാണെന്ന ചിന്ത തനിക്ക് ഇല്ല. അധികാരം ലഭിക്കാൻ വരുന്നവരുണ്ടാകും പക്ഷേ താൻ അങ്ങനെയല്ലെന്ന് ശശി തരൂർ വ്യക്തമാക്കുന്നു.
ബിജെപിയുടെ വർഗീയതയും ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചതിനെയും താൻ എതിർത്തിട്ടുണ്ട്. രാഷ്ട്രീയക്കാരനായി മാത്രമല്ല താൻ പ്രധാനമന്ത്രിയെ കാണുന്നത്. പാർലമെന്റിന്റെ ഒഫീഷ്യൽ ഡയറക്ടറയിൽ താൻ ഒരു എഴുത്തുകാരൻ ആണെന്ന് കൂടി എഴുതിയിട്ടുണ്ട്. രാജ്യത്തിന്റെയും നാടിന്റെയും താൽപര്യം മനസ്സിൽ വെച്ച് മാത്രമാണ് താൻ സംസാരിക്കുന്നതെന്ന പറഞ്ഞ ശശിതരൂർ ഒരു പാർട്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരു പാർട്ടിയിലേക്ക് മാറുന്നതിനോട് വിയോജിപ്പ് അറിയിക്കുകയും ചെയ്‌തു