ഭീകരർക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ: മല്ലികാർജ്ജുൻ ഖാർഗെ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണം നടത്തിയ കുറ്റവാളികൾക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭീകരത തുടച്ചുനീക്കാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിക്കണം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യമാണ് പ്രധാനം, മതവും ഭാഷയും പിന്നീട് വരുന്നതാണ്. അതിനാൽ നാമെല്ലാവരും രാജ്യത്തിനായി ഒരുമിച്ച് പോരാടണം. സർക്കാരിന് പിന്തുണ നൽകണമെന്ന് ഞാൻ പലതവണ അറിയിച്ചുകഴിഞ്ഞു. രാജ്യത്തിൻ്റെ ക്ഷേമത്തിനായി ഒരുമിച്ച് പോരാടാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകക്ഷി യോഗത്തിൽ സംസാരിച്ചത് രാജ്യത്തിൻ്റെ സുരക്ഷ പരിഗണിച്ചാണ് വെളിപ്പെടുത്താൻ കഴിയാത്തത്. പലരും വിമർശനം ഉന്നയിക്കുന്നത് കണ്ടു. അത് ശരിയല്ല. യോഗത്തിൽ എന്തിനെപ്പറ്റിയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയതാണ്. ചിലർ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അതിനാൽ രാജ്യത്തിൻ്റെ താൽപര്യാർത്ഥം എല്ലാം പുറത്ത് പറയാൻ സാധിക്കില്ലെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി തന്നെ മാറി നിന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു
.