ശബരിമല നട വെള്ളിയാഴ്ച തുറക്കും
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം. ശബരിമല മേൽശാന്തിയായ എസ്. അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് 6ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും.
ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടക്കും. അതേ സമയം നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായതായി അധികൃതർ അറിയിച്ചു, 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സ്ലോട്ടുകളിലെയും ബുക്കിങ് പൂർത്തിയായി. എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കുക. 30ന് ഉച്ചക്കു ശേഷമുള്ള ചില സ്ലോട്ടുകളിൽ മാത്രമാണ് ഒഴിവുള്ളത്. വെർച്വൽ ക്യു വഴി ബുക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര ഒഴിവാക്കുകയാണെങ്കിലോ മാറ്റുകയാണെങ്കിലോ ഓൺലൈനായി റദ്ദാക്കേണ്ടതാണ്.