സൗജന്യ ആരോഗ്യ ഇൻഷുറൻസ്70 കഴിഞ്ഞവർക്ക് : രജിസ്‌ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിച്ചേക്കും
കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന.
ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. 23-ന് രാവിലെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും.
സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തില്‍നിന്നു വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്.
ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോള്‍ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക.
ആര്‍ക്കൊക്കെ ലഭിക്കും?
70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.