ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ്;ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ (വി എച്ച്പി) ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പൂര്‍ണമായും ദേശസാത്കരിച്ച നിലയ്ക്കല്‍ – പമ്പ റൂട്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് കെ എസ് ആര്‍ ടി സി ഈടാക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ച സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ച് കൊണ്ട് കേസ് മാറ്റി. ശബരിമല സീസണിലെ കെ എസ് ആര്‍ ടി സി ബസിലെ അമിത നിരക്കും യാത്രക്കാരുടെ തിരക്കും കാര്യക്ഷമത കുറവുമാണ് വി എച്ച് പി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഈ ആരോപണങ്ങളൊന്നും പൂര്‍ണമായും ദേശസാത്കരിച്ച റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഹര്‍ജിക്കാര്‍ക്ക് അര്‍ഹത നല്‍കുന്നില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാലങ്ങളായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കാണ് കെ എസ് ആര്‍ ടി സി ഈടാക്കുന്നത്. ചുരം റോഡുകളില്‍ 25 ശതമാനവും ഉത്സവ സീസണുകളില്‍ ചില സേവനങ്ങള്‍ക്ക് 30 ശതമാനവും കൂടുതല്‍ നിരക്ക് കെ എസ് ആര്‍ ടി സിക്ക് ഈടാക്കാം.

ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ഇരുപത് വാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താം എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സ്വകാര്യ വാഹനം അനുവദിക്കാത്തതിനാല്‍ തീര്‍ഥാടകര്‍ കെ എസ് ആര്‍ ടി സിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് ആണ് ഹാജരായത്.

എന്നാല്‍ വാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കുന്ന പദ്ധതി നിലവിലില്ല എന്നും അതിനാല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളണം എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റൂട്ടില്‍ വേണ്ടത്ര ബസുകള്‍ ഇല്ലെന്നും ബസില്‍ നിന്നാണ് യാത്ര ചെയ്യുന്നതെന്നുമുള്ള വാദം തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു. തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആര്‍ ടി സി ഒരുക്കിയിട്ടുണ്ട്.

97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേരള മോട്ടോര്‍ വാഹന നിയമത്തില്‍ സൗജന്യ സര്‍വീസിനുള്ള വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ജനുവരിയിലാണ് ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ എതിര്‍ കക്ഷികളായ കേരള സര്‍ക്കാരിനും കെ എസ് ആര്‍ ടി സിക്കും കോടതി നോട്ടീസ് അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *