ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

തിരുവനന്തപുരം : സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ. ഇയാൾക്കെതിരെ ലോട്ടറി വകുപ്പ് ഡയ്കടർ പൊലീസിൽ പരാതി നൽകി.അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്ക് സംഗീത് നടത്തിയ വൻ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. 2018,19,20 കാലയളവിൽ ഡയറക്ട്രേറ്റിലെ ക്ഷേമനിധി വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയായിരുന്നു വകുപ്പിന്റെ പ്രതിദിന വരുമാനത്തിൽ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയിൽ സംഗീത് തിരിമറി നടത്തിയത്. 63 ലക്ഷം രൂപ ഇയാൾക്കായി വീട് വയ്ക്കുന്ന കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കുമാണ് സംഗീത് മാറ്റിയത്. സാമ്പത്തിക തിരിമറിയുടെ രേഖകൾ സംഗീത് പൂഴ്ത്തിയതായും ആരോപണമുണ്ട്.
തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ 14-ാം തീയതി വകുപ്പ് ഡയറക്ടർ സംഗീതിനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ വ്യാജ മുദ്ര ഉണ്ടാക്കി അനധികൃത അവധിയെടുത്തതിന് ആറ് മാസം മുമ്പ് സംഗീതിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പും പുറത്ത് വരുന്നത്. സംഗീത് കൂടുതൽ സാമ്പത്തിക തിരിമറികൾ നടത്തിയിരിക്കാനുള്ള സാധ്യതകളും ലോട്ടറി വകുപ്പ് മുന്നിൽക്കാണുന്നുണ്ട്. നിലവിൽ വിജിലൻസും ലോട്ടറി വകുപ്പും സംഗീതിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.