ഫ്രാൻസിനും ജർമനിക്കും ഇറ്റലിക്കും വിജയം
ബ്രസൽസ് ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഫ്രാൻസിനും ജർമനിക്കും അഭിമാനവിജയങ്ങൾ. ഫ്രാൻസ് 2–1ന് അയൽക്കാരായ ബൽജിയത്തെ തോൽപിച്ചപ്പോൾ ജർമനി 1–0ന് നെതർലൻഡ്സിനെ കീഴടക്കി.റണ്ടാൽ കോളോ മൂവാനിയുടെ ഡബിൾ ഗോളുകളാണ് ബൽജിയത്തിനെതിരെ ഫ്രാൻസിനെ തുണച്ചത്. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബപെയുടെ അഭാവത്തിൽ ഫസ്റ്റ് ഇലവനിൽ കളിക്കിറങ്ങിയ പിഎസ്ജി താരമായ മൂവാനി ബൽജിയത്തിനെതിരെ ഫ്രാൻസിന്റെ വിജയശിൽപിയാകുന്നത് രണ്ടാം തവണയാണ്. നേരത്തേ, കഴിഞ്ഞ മാസം ഫ്രാൻസിൽ നടന്ന മത്സരത്തിലും ബൽജിയത്തിനെതിരെ മൂവാനി ഗോൾ നേടിയിരുന്നു. 64–ാം മിനിറ്റിൽ ജയ്മി ലീവലിങ് നേടിയ ഗോളിലാണ് നെതർലൻഡ്സിനെ 1–0ന് ജർമനി തോൽപിച്ചത്. ഇറ്റലി 4–1ന് ഇസ്രയേലിനെയും ഹംഗറി 2–0ന് ബോസ്നിയെയും തോൽപിച്ചു.
മാൽദീനി മൂന്നാമൻ കളത്തിൽ
റോം ∙ ഇറ്റാലിയൻ ഫുട്ബോളിൽ മാൽദീനി യുഗത്തിന് അന്ത്യമില്ല. മുൻ ക്യാപ്റ്റൻ പാവ്‌ലോ മാൽദീനിയുടെ മകൻ ഡാനിയേൽ മാൽദീനി നേഷൻസ് ലീഗിൽ ഇസ്രയേലിനെതിരായ ഇറ്റലിയുടെ മത്സരത്തിനു കളത്തിലിറങ്ങി. പാവ്‌ലോ മാൽദീനിയുടെ പിതാവ് സെസ്സാർ മാൽദീനി മുൻ ഇറ്റലി ടീമംഗവും പരിശീലകനുമാണ്. ഇറ്റാലിയൻ ക്ലബ് മോൻസയുടെ സ്ട്രൈക്കറാണ് ഡാനിയേൽ.