96 മണ്ഡലങ്ങൾ ഇന്നു പോളിങ് ബൂത്തിലേക്ക്
ന്യൂഡൽഹി: നാലാം ഘട്ടം തെരഞ്ഞെടുപ്പിന്റെ ഭാഗമായി 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലും ഇന്നാണു വോട്ടെടുപ്പ്. ആന്ധ്രയിലെ 175 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ആന്ധ്ര പ്രദേശ്- 25, തെലങ്കാന -17, ബിഹാർ -5, ഝാർഖണ്ഡ്- 4, മധ്യപ്രദേശ്- 8, മഹാരാഷ്ട്ര- 11, ഒഡീഷ- 4, ഉത്തർ പ്രദേശ്- 13, പശ്ചിമ ബംഗാൾ- 8, ജമ്മു കശ്മീർ- 1 എന്നിങ്ങനെയാണ് നാലാം ഘട്ടത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ്.
ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് കടുത്ത മത്സരം നേരിടുന്നതാണ് ആന്ധ്രയിലെ കാഴ്ച. ടിഡിപിയും ബിജെപിയും ജനസേനയും ചേർന്ന ശക്തമായ പ്രതിപക്ഷ മുന്നണിയാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്ക് കനത്ത വെല്ലുവിളി. ഇതിനു പുറമേയാണ് സഹോദരി വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ പുതിയ ഊർജം ലഭിച്ച കോൺഗ്രസ് വോട്ടു ചോർത്തുന്നതു മൂലം സംഭവിച്ചേക്കാവുന്ന തിരിച്ചടി.
പുലിവെണ്ടുലയിൽ ജഗനും കുപ്പത്ത് ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡുവും പിത്തപുരത്ത് ജനസേനാ നേതാവും നടനുമായ പവൻ കല്യാണും നിയമസഭയിലേക്കു മത്സരിക്കുന്നു. കടപ്പയിൽ നിന്ന് ലോക്സഭയിലേക്കാണ് വൈ.എസ്. ശർമിള മത്സരിക്കുന്നത്. രാജമഹേന്ദ്ര വാരത്ത് മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷ ഡി. പുരന്ദേശ്വരിയും വിജയം പ്രതീക്ഷിക്കുന്നു.
ലോക്സഭയിലേക്ക് 1,717 സ്ഥാനാർഥികളുടെ വിധി ഇന്നു നിർണയിക്കപ്പെടും. ഉത്തർപ്രദേശിലെ കനൗജിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറിൽ തൃണമൂലിന്റെ മഹുവ മൊയ്ത്ര, ബിഹാറിലെ ബേഗുസരായിയിൽ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവരാണ് ഇന്നു മത്സരിക്കുന്ന പ്രമുഖർ.
പശ്ചിമ ബംഗാളിലെ ബഹ്റാംപുരിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും മുൻ ക്രിക്കറ്റർ യൂസുഫ് പത്താനും (തൃണമൂൽ) തമ്മിലാണു പോരാട്ടം. തൃണമൂലിലേക്ക് കൂറുമാറിയ ശത്രുഘ്നൻ സിൻഹയും മുൻ എംപി എസ്.എസ്. അഹ്ലുവാലിയയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അസൻസോളിനെ ശ്രദ്ധേയമാക്കുന്നത്.
തെലങ്കാനയിലെ ഹൈദരാബാദിലും രാജ്യം ശ്രദ്ധിക്കുന്ന പോരാട്ടമാണ് നടക്കുന്നത്. എഐഎംഐഎമ്മിന്റെ സിറ്റിങ് എംപി അസദുദ്ദീൻ ഒവൈസിയെ നേരിടാൻ നർത്തകി മാധവി ലതയെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്.
ഇന്നത്തെ വോട്ടെടുപ്പോടെ 379 മണ്ഡലങ്ങളിൽ പോളിങ് പൂർത്തിയാകും. 66.14, 66.71, 64.4% എന്നിങ്ങനെയായിരുന്നു ആദ്യ മൂന്നു ഘട്ടങ്ങളിലെ പോളിങ്