ശിശുക്ഷേമ സമിതിയിലെ ആയമാർക്ക് പിറകെ പീഡനവുമായി സ്‌കൂൾ അധ്യാപികയും :
തിരുവനന്തപുരം : തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാർ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ച വാർത്ത കെട്ടടങ്ങുന്നതിനുമുന്നെ നാലുവയസ്സുകാരിയുടെജനനേന്ദ്രിയത്തിൽ അധ്യാപിക മുറിവേല്‍പ്പിച്ചതായി മറ്റൊരു പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്‌സ്ഫെഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയെ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചത്.
വൈകീട്ട് വീട്ടിലെത്തിയ ശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ചു കുട്ടി കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ച പാട് കണ്ടു.
കുട്ടിയുമായി മുത്തശ്ശി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇന്നു രാവിലെ തിരുവനന്തപുരം ഫോർട്ട് പൊലീസില്‍ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പരാതി നല്‍കി. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.