ഒഴിവു റിപ്പോർട്ട് ചെയ്യാൻ 4 സെക്കന്റ് വൈകി: നിഷ ബാലകൃഷ്ണന് നിയമനം നൽകാൻ തീരുമാനം
തിരുവനന്തപുരം: ഒഴിവ് റിപ്പോർട്ട് ചെയ്തതിൽ ഒരു മിനിറ്റ് വൈകിയെന്ന് പറഞ്ഞ് നിയമനം നിഷേധിച്ച കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പില്‍ നിയമനം നല്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചാണ് എല്‍ഡിക്ലര്‍ക്ക് തസ്തികയില്‍ നിയമനം. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍ഡിക്ലര്‍ക്ക് പിഎസ് സിറാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്റ്ററേറ്റില് നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടെന്ന അപേക്ഷ പരിഗണിച്ചാണ് നടപടി. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത.
2018 മാർച്ച് 28ന് റിപ്പോർട്ട് ചെയ്ത എൻജെഡി ഒഴിവ് മൂന്ന് ദിവസമുണ്ടായിരുന്നിട്ടും ലിസ്റ്റിന്റെ കാലാവധി കഴിയുന്ന മാർച്ച് 31ന് രാത്രി 12ന് മുമ്പായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തില്ല. അർധരാത്രി 12 കഴിഞ്ഞ് നാല് സെക്കന്‍ഡ് ആയപ്പോഴാണ് ഒഴിവ് റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള മെയ്ൽ പിഎസ് സിക്ക് ലഭിച്ചത്.
2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696ാം റാങ്കുകാരിയായിരുന്നു നിഷ.നിഷ ബാലകൃഷ്ണന് ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വലിയ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.