സംസ്ഥാനത്ത് നാല് ദിവസം റേഷൻ വിതരണം ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ് തുറക്കുക. ഞായറാഴ്ച ആയതിനാൽ നാളെ കട അവധിയായിരിക്കും. റേഷൻ കട ഉടമകൾ സമരം പ്രഖ്യാപിച്ചതിനാൽ തിങ്കളും ചൊവ്വയും കട അവധിയായിരിക്കും. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
ജൂൺ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. റേഷൻ കടകൾ അടച്ചിടാൻ തീരുമാനിച്ചതിനാൽ ഈ മാസത്തെ റേഷൻ അഞ്ചാം തീയതി വരെ വാങ്ങാൻ കഴിഞ്ഞില്ല. മാസത്തിന്‍റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങുന്നവരുടെ എണ്ണം താരതമ്യേനേ കൂടുതലാണ്. ജൂലൈ പത്തിന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പലരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
അതേസമയം, തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകണം. റേഷൻവിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷൻ ഇവർക്കിനി ലഭിക്കില്ല