വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ, ഇന്ന്

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകിട്ട് കൽപ്പറ്റയിൽ നടക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക. ഏഴ് സെൻ്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടൽ ചടങ്ങ് നടക്കുക.
26.56 കോടി രൂപ സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഏകോപനത്തോടു കൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്. ഡിസംബറോടെ വീട് നിർമാണം പൂർത്തിയാക്കാനാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തീരുമാനം.
സർക്കാർ ഏറ്റെടുത്ത 64 ഹെക്‌ടർ ഭൂമിയിൽ ഏഴ് സെൻ്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയായി ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ നിർമിക്കുക. എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിച്ച പന്തലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. തറക്കല്ലിടൽ ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
നിർമ്മാണത്തിൽ പങ്കാളികളാകുന്ന സ്പോൺസർ എന്ന നിലയിൽ മുംബൈയിലെ പ്രമുഖ സന്നദ്ധസംഘടനയായ .’കെയർ ഫോർ മുബൈ’,യേയും ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട് .നാല് വീടുകൾ നിർമ്മിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ 80 ലക്ഷം രൂപ സംഘടന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്.