“11 വർഷം കൊണ്ട് രാജ്യത്ത് നാലു കോടി വീടുകൾ നിർമ്മിച്ചു നൽകി” : പ്രധാനമന്ത്രി

പാറ്റ്‌ന : 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും ബീഹാറിലാണെന്നും പ്രധാനമന്ത്രി .
ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭരണകാലത്ത് ദരിദ്രർക്ക് ശരിയായ കോൺക്രീറ്റ് വീടുകൾ കിട്ടുന്നത് പോലും അസാധ്യമായിരുന്നു. ആളുകൾ വീടുകൾ പെയിന്റ് ചെയ്യാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. അങ്ങനെ ചെയ്താൽ തങ്ങൾ തന്നെ അപഹരിക്കപ്പെടുമെന്ന് ഭയന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .
കോൺഗ്രസും ആർജെഡിയും ദരിദ്രരുടെയും ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. അവർക്ക് തുല്യാവകാശം നൽകുന്നത് പോട്ടെ. സ്വന്തം കുടുംബത്തിന് പുറത്തുള്ളവരോട് ബഹുമാനം പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബീഹാറിലെ കിഴക്കൻ ചമ്പാരനിലെ മോത്തിഹാരിയിലെ ഗാന്ധി മൈതാനിയിൽ ഇന്നു നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.7,217 കോടി രൂപയുടെ വികസന പദ്ധതികൾക്ക് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി, മേഖലയിലുടനീളമുള്ള റെയിൽ യാത്ര മെച്ചപ്പെടുത്തുന്ന നാല് അമൃത് ഭാരത് ട്രെയിനുകൾക്കും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും ബീഹാറിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി ഒരു പ്രധാന പ്രഖ്യാപനത്തിൽ, സ്വകാര്യ കമ്പനിയിൽ ആദ്യമായി ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും 15,000 രൂപ നൽകുന്ന ഒരു പുതിയ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ ഈ പദ്ധതി നടപ്പിലാക്കും, ഇതിനായി സർക്കാർ ഒരു ലക്ഷം കോടി രൂപ അനുവദിക്കും.
ഇന്ത്യയുടെ വികസന യാത്രയിൽ കിഴക്കൻ സംസ്ഥാനങ്ങൾ നേതൃത്വം വഹിക്കണമെന്ന് ആഹ്വാനം ചെയ്ത മോദി, ഈ മേഖലയ്ക്ക്, പ്രത്യേകിച്ച് ബീഹാറിന്, അപാരമായ സാധ്യതകളുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
“വികസിതമായ ഒരു ബീഹാറും എല്ലാ യുവാക്കൾക്കും തൊഴിലും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ബീഹാറിലെ യുവാക്കൾ സംസ്ഥാനത്തിനുള്ളിൽ തന്നെ അവസരങ്ങൾ കണ്ടെത്തണം, ഇതിനായി സമീപ വർഷങ്ങളിൽ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വലിയ തോതിലുള്ള സർക്കാർ നിയമന നീക്കങ്ങൾ നടക്കുന്നു , കേന്ദ്രം ബീഹാർ സർക്കാരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.